സ്വര്‍ണ്ണ കള്ളക്കടത്ത്; കുറ്റ്യാടി സ്വദേശി ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം തട്ടിയെടുത്തു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തിരുവനന്തപുരത്ത് കൈമാറ്റം ചെയ്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി അലി (28) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആറിന് ഗള്‍ഫിലുള്ള കുറ്റ്യാടി സ്വദേശി ഇസ്മയില്‍ സുഹൃത്തും കൊല്ലം സ്വദേശിയുമായ മുഹമ്മദ് ഷമീം വഴി കൊടുത്തുവിട്ട ഒരു കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ തന്റെ സുഹൃത്തുക്കള്‍ എത്തുമെന്ന് ഇസ്മയില്‍ ഷമീമിനെ അറിയിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഷമീം ഇസ്മയിലിന്റെ കൂട്ടുകാരെ കാത്തുനില്‍ക്കാതെ പുറത്ത് കാത്തുനിന്ന കൊല്ലത്തെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കടക്കുകയായിരുന്നു.
ഇതിനിടയില്‍ കരിക്കകത്തിനടുത്ത് പെട്രോള്‍ പമ്പിലെത്തിയ ശേഷം ഷമീം ഇസ്മയിലിനെ ഫോണില്‍ ബന്ധപ്പെടുകയും പെട്രോള്‍ പമ്പില്‍ വെച്ച് സ്വര്‍ണം തന്റെ കൈയില്‍നിന്ന് മറ്റൊരുസംഘം തട്ടിയെടുത്തെന്ന് അറിയിക്കുകയും ചെയ്തു. ഇസ്മയില്‍ ഇക്കാര്യം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന തന്റെ കൂട്ടുകാരെ അറിയിച്ചു. ഇവര്‍ പെട്രോള്‍ പമ്പിലെത്തി ഷമീമും സംഘവുമായി വാക്കുതര്‍ക്കവും കൈയാങ്കളിയുമായി. പെട്രോള്‍ ജീവനക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് 11 പേരെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് മുഹമ്മദ് ഷാഹിദിനെയും സെയ്ദലി അലിയെയും പേട്ട സി.ഐ പ്രകാശിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഷാഹിദിനെയും സെയ്ദലി അലിയെയും ചോദ്യം ചെയ്തപ്പോഴാണ് ഒരു കിലോയോളം സ്വര്‍ണമാണ് കൊണ്ടുവന്നതെന്ന് തെളിഞ്ഞത്. പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് ഷമീം തങ്ങള്‍ക്ക് സ്വര്‍ണമടങ്ങിയ ബാഗ് നല്‍കുകയെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.