യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ നിന്ന് പുക, സുരക്ഷാ അലാമുകൾ പ്രവർത്തിച്ചു; പുകവലിച്ച മലയാളി കുടുങ്ങി


തിരുവനന്തപുരം: യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും പുക ഉയർന്നു. ഇതോടെ സുരക്ഷാ അലാമുകൾ പ്രവർത്തിച്ചു. ഇത് യാത്രക്കാരെയും ജീവനക്കാരെയും വലിയ പരിഭ്രാന്തിയിലാക്കി. ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം.

പരിശോധനകൾക്കൊടുവിൽ ശുചിമുറിയിൽ നിന്നും യാത്രക്കാരൻ പുക വലിച്ചതാണ് പരിഭ്രാന്തിക്കിടയാക്കിയതെന്ന് കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശിയാണ് പിടിയിലായത്. ലൈറ്റർ ഒളിപ്പിച്ചുകടത്തിയാണ് 54-കാരനായ യാത്രക്കാരൻ പുക വലിച്ചത്. തിരുവനന്തപുരത്തെത്തിയപ്പോൾ വലിയതുറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.