പാലേരിയിലെ കുഞ്ഞിന്റെ ചികിത്സയ്ക്കായി മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളികള്‍ ഒത്തുപിടിക്കുന്നു: ജൂലൈ 18ലെ ഓട്ടം മുഹമ്മദ് ഇവാനുവേണ്ടി; നാട്ടുകാരേ നിങ്ങളുമുണ്ടാവില്ലേ സഹായത്തിന്!


മേപ്പയ്യൂര്‍: സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ മുഹമ്മദ് ഇവാന്റെ ചികിത്സക്ക് വേണ്ടി ഒത്തുപിടിച്ച് മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളികളും. ഈമാസം 18ന് വാഹനമോടി ലഭിക്കുന്ന വരുമാനം ഇവാന്റെ ചികിത്സാ ചെലവിനായി നല്‍കാന്‍ മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനിച്ചു.

മുഴുവന്‍ തൊഴിലാളികളും നാട്ടുകാരും ഒരു ദിവസത്തെ ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന് മേപ്പയ്യൂര്‍ ഉണ്ണര സ്മാരക ഹാളില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂനിയന്‍ ജനറല്‍ ബോഡി ആവശ്യപ്പെട്ടു.

ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി കല്ലുള്ളതില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് ഇവാന് അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുവയസായിട്ടും എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത കുട്ടിക്ക് കഴിഞ്ഞ ഒരു വര്‍ഷമായി പലവിധ ചികിത്സകള്‍ നടത്തിവരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് എസ്.എം.എ രോഗം സ്ഥിരീകരിച്ചത്.

ഇവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ 18 കോടിയിലധികം ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളില്‍ ഒന്നായ സൊള്‍ജെന്‍സമ എന്ന ഇന്‍ഞ്ചെക്ഷന്‍ എത്രയും പെട്ടെന്ന് നല്‍കണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. വളരെ പാവപ്പെട്ട കുടുംബത്തിന് ഇത്രയും ഭീമമായ തുക കണ്ടെത്തുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സുമനസുകളുടെയും സഹായത്തോടെ ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം. ഇതിനകം സഹായവുമായി നാട്ടിലെ പല കൂട്ടായ്മകളും മുന്നോട്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളികളും ഈ കുഞ്ഞിനുവേണ്ടി സഹായം ചെയ്യാനെത്തിയിരിക്കുന്നത്.

സംയുക്ത ട്രേഡ് യൂണിയന്‍ യോഗം സി.ഐ.ടി.യു ഏരിയാ ജോ: സെക്രട്ടറി എന്‍.എം കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സഞ്ജയ് കൊഴുക്കല്ലൂര്‍ അധ്യക്ഷനായി. മുജീബ് കോമത്ത്, സി.എം സത്യന്‍, എം.കെ രവീന്ദ്രന്‍, കെ.ടി.വിനോദന്‍, കെ.മുഹമ്മദ്, മജീദ് കാവില്‍, പി.കെ.ബാബു, എം.നാരായണന്‍, ബൈജു വള്ളില്‍ എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളെയും യോഗത്തില്‍ തെരഞ്ഞെടുത്തു. പി.സി രാജേന്ദ്രന്‍ ചെയര്‍മാനും സി.എം സത്യന്‍ കണ്‍വീനറും മുജീബ് കോമത്ത് ട്രഷററുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്.

Summary: sma patient Muhammad Ivan medical aid