രാത്രി ഉറങ്ങുന്നത് വെെകിയാണോ? പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത; ശ്രദ്ധിച്ചില്ലെങ്കിൽ രോഗിയാകും


പുതുതലമുറയിൽപെട്ട ഭൂരിപക്ഷം പേരും വൈകിയുറങ്ങുന്നവരാണ്​. അർധരാത്രിവരെയെങ്കിലും സിനിമ കണ്ടും മൊബൈലിൽ ചാറ്റ്​ ചെയ്​തും സോഷ്യൽ മീഡിയകളിൽ അഭിരമിച്ചും സമയംപോക്കുമ്പോൾ ഇക്കൂട്ടർ അറിയുന്നില്ല, ഇ​വ രോഗങ്ങളുടെ ലോകത്തേക്കുള്ള യാത്രയാണെന്ന്​​. ഇതിനെയെല്ലാം സാധൂകരിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാത്രിയിൽ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരിൽ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

അമേരിക്കയിലെ റട്‌ജേഴ്‌സ് സർവകലാശാലയാണ് വിഷയത്തിൽ പഠനം നടത്തിയത്. രാവിലെ നേരത്തേ ഉണരുന്നവർ ഊർജത്തിനായി ശരീരത്തിലെ കൊഴുപ്പിനെയാണ് ആശ്രയിക്കുന്നതെന്ന് പഠനത്തിലുണ്ട്. എന്നാൽ, രാത്രി വൈകിയുറങ്ങി രാവിലെ വൈകി എഴുന്നേക്കുന്നവരിൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ അലിയിച്ചുകളയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. പ്രമേഹത്തിനു കാരണമാകുന്ന ഇൻസുലിൻ വ്യതിയാനങ്ങളും ഇവരിൽ അധികമാണെന്ന് പഠനം പറയുന്നു. ഇവയാണ് പ്രമേഹ, ഹൃദ്രോ​ഗ സാധ്യത കൂട്ടുന്ന കാര്യങ്ങളെന്നാണ് പഠനത്തിൽ പറയുന്നത്.

മധ്യവയസ്കരായ 51 പേരിലാണ് പഠനം നടത്തിയത്. എക്സ്പെരിമെന്റൽ ഫിസിയോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അമ്പത്തൊന്നു പേരെ ഇരു വിഭാ​ഗങ്ങളായി തിരിച്ചാണ് പഠനം സംഘടിപ്പിച്ചത്. നേരത്തേ കിടന്നുറങ്ങി നേരത്തേ എഴുന്നേൽക്കുന്നവർ ഒരു വിഭാ​ഗവും വൈകിയുറങ്ങി വൈകിയെഴുന്നേൽക്കുന്നവരെ മറ്റൊരു വിഭാ​ഗവുമാക്കി. ഇരുവിഭാ​ഗങ്ങളുടെയും ശരീരത്തിലെ ബോഡി മാസ്, ശരീരഘടന, ഇൻസുലിൻ സെൻസിറ്റിവിറ്റി, ശ്വാസത്തിന്റെ സാമ്പിളുകൾ എന്നിവയെല്ലാം നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

ഒരാഴ്ച്ചയോളം ഇവരുടെ ദൈനംദിന പ്രവർത്തനങ്ങളും പഠനവിധേയമാക്കി. കലോറിയും പോഷകവും നിയന്ത്രിതമായ ഡയറ്റാണ് ഇവർ പിന്തുടർന്നത്. ഡയറ്റ് പഠനത്തിന്റെ റിസൽട്ടിനെ ബാധിക്കാതിരിക്കാനായിരുന്നു ഇത്. കൂടാതെ പതിനഞ്ച് മിനിറ്റോളം മിതവും കഠിനവുമായ വർക്കൗട്ടുകൾ ചെയ്യിക്കുകയും ചെയ്തു. നേരത്തേ കിടന്നുറങ്ങി എഴുന്നേൽക്കുന്നവരിലാണ് വ്യായാമം ചെയ്യുന്ന സമയത്തും അതിനുശേഷവും ഊർജത്തിനായി കൂടുതൽ കൊഴുപ്പ് ഉപയോ​ഗിക്കുന്നത് എന്നു കണ്ടെത്തി. പ്രമേഹത്തിനു കാരണമാകുന്ന ഇൻസുലിൻ വ്യതിയാനങ്ങൾ നേരത്തേ ഉണരുന്നവരിൽ ഇല്ലെന്നും കണ്ടെത്തി.

summary: sleeping late at night? risk of diabetes and heart disease; If you are not careful, you will get sick