സാമൂഹ്യമാധ്യമത്തിൽ പുഷ്പനെതിരെ അപകീർത്തി പോസ്റ്റിട്ടു; പോലീസ് എസ്.ഐക്ക് സസ്പെൻഷൻ


കൊച്ചി: അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് പോലീസ് വെടിവെപ്പിലെ രക്തസാക്ഷിയുമായ പുഷ്പനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌.ഐ കെ.എസ്.ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.

പുഷ്പന്‍റെ മരണത്തില്‍ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്‍റെ പോസ്റ്റ്. ഹരിപ്രസാദിന്‍റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ് നടപടി. എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് നടപടിയെടുത്തത്. ഹരിപ്രസാദിന് എതിരെ അന്വേഷണത്തിന് എറണാകുളം നാർക്കോട്ടിക് സെല്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

കൂത്തുപറമ്പ് പോലീസ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ് മുപ്പത് വർഷത്തോളം ശരീരം തളർന്നു കിടപ്പിലായ ശേഷം ഇന്നലെയാണ് പുഷ്പൻ മരണത്തിന് കീഴടങ്ങിയത്. ഇന്ന് വൈകീട്ടാണ് വൻ ജനാവലിയുടെ സാനിധ്യത്തിൽ ചൊക്ലിയിലെ വീട്ടിൽ പുഷ്പൻ്റെ സംസ്കാരം നടന്നത്.

Summary: Slander was posted against Pushpan on social media; Suspension of Police SI