വ്യാജ സ്വർണക്കട്ടി നൽകി ആറ് ലക്ഷം രൂപ തട്ടിയെടുത്തു; അസം സ്വദേശികളായ പ്രതികളെ തൃശ്ശൂരിൽനിന്നും വിദ​ഗ്ദമായി പിടികൂടി നടക്കാവ് പോലീസ്


കോഴിക്കോട്: വ്യാജ സ്വര്‍ണക്കട്ടി നല്‍കി കൊണ്ടോട്ടി സ്വദേശിയില്‍നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അസം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഇജാജുല്‍ ഇസ്ലാം (24), റെയ്‌സുദ്ദീന്‍ എന്ന റിയാജുദ്ദീന്‍ (27) എന്നിവരെ നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

പരാതിക്കാരനുമായി പരിചയത്തിലായ പ്രതികള്‍ വിപണിവിലയെക്കാള്‍ കുറഞ്ഞവിലയില്‍ 540 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി നല്‍കാമെന്നും ഇതിന് 12 ലക്ഷം രൂപ വിലവരുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപത്തുവെച്ച് സ്വര്‍ണക്കട്ടിയുടെ ചെറിയൊരു ഭാഗം പരാതിക്കാരന് മുറിച്ചുനല്‍കുകയായിരുന്നു. പരിശോധിച്ചപ്പോള്‍ ഈ ഭാഗം സ്വര്‍ണമാണെന്ന് മനസിലായപ്പോൾ പരാതിക്കാരൻ ആറുലക്ഷം രൂപ നല്‍കി. പിന്നാലെ വ്യാജ സ്വര്‍ണക്കട്ടി നല്‍കി പ്രതികള്‍ മുങ്ങുകയായിരുന്നു. 2024 ജനുവരിയിലാണ് പ്രതികള്‍ വ്യാജ സ്വര്‍ണക്കട്ടി നല്‍കി പണം അപഹരിച്ചത്.

സംഭവത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയതായിരുന്നു പ്രതികൾ. പ്രതികളിലൊരാള്‍ മാസങ്ങള്‍ക്ക് ശേഷം ഈ ഫോണ്‍ ഓണ്‍ചെയ്തത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഇക്കാലയളവില്‍ ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളിലായിരുന്നു പ്രതിയുടെ മൊബൈല്‍ടവര്‍ ലൊക്കേഷന്‍. കഴിഞ്ഞദിവസം പോലീസ് വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പ്രതി തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലുണ്ടെന്ന് വ്യക്തമായി. ഇതോടെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. രമേശ്, എസ്.സി.പി.ഒ. ബൈജു, എന്നിവര്‍ തൃശ്ശൂരിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവരില്‍നിന്ന് മറ്റൊരു വ്യാജ സ്വര്‍ണക്കട്ടി കൂടി കണ്ടെടുത്തതായും മറ്റൊരാളെ കബളിപ്പിച്ച് പണം തട്ടാനായാണ് പ്രതികള്‍ തൃശ്ശൂരില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂട്ടുപ്രതികളെ പിടികൂടായി പോലീസിന്റെ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

Summary: Six lakh rupees were stolen by giving fake gold bars; Nadakkav police expertly arrested the accused who are natives of Assam