ആറ് പതിറ്റാണ്ടിന്റെ ഹിന്ദി അധ്യാപന ജീവിതത്തിന് തിരശ്ശീല വീണു; വടകര പതിയാരക്കരയിലെ അടിയോടി മാഷിന് വിട നൽകി നാട്


വടകര: ആറ് പതിറ്റാണ്ടിന്റെ ഹിന്ദി അധ്യാപന ജീവിതത്തിനാണ് അടിയോടി മാഷിന്റെ വിയോ​ഗത്തോടെ തിരശീല വീണത്. കണ്ണീരോടെയാണ് പ്രിയ ശിഷ്യന്മാരും നാടും മാഷിന് വിട നൽകിയത്. ഹിന്ദി ഭാഷയെ ഇതുപോലെ സ്നേഹിച്ചൊരു അധ്യാപകൻ വേറെയുണ്ടാകില്ല. തിരുവങ്ങോത്ത് ടി വി നാരായണൻ അടി യോടി തന്റെ ജീവിതം ഹിന്ദി ഭാഷക്കായി നീക്കിവെയ്ക്കുകയായിരുന്നു.

പഴയകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ലഭിക്കാൻ ഹിന്ദി ഭാഷ പരിജ്ഞാനം അത്യാവശ്യമായിരുന്നു. ഇതിനാലാണ് അടിയോടി മാഷ് ഹിന്ദി അധ്യാപനം തെരഞ്ഞെടുത്തത്. വടകര-നാരായണ നഗറിൽ വിവേകാനന്ദ ഹിന്ദി കോളജ് സ്ഥാപിച്ചായിരുന്നു തുടക്കം.
60 വർഷത്തിനിടെ ആയിരകണക്കിന് പേരാണ് അടിയോടി മാഷിൽ നിന്നും ഹിന്ദി പഠിച്ചത്. ഇതിൽ ഏറെപ്പേരും ഹിന്ദി അധ്യാപന വഴിയിലാണെത്തിയത്.

എപ്പോഴും പഠിപ്പിക്കുക എന്നതായിരുന്നു മാഷിന്റെ വിനോദം. വ്യാകരണത്തിനായി സ്വയം വികസിപ്പിച്ചെടുത്ത കോഡുകളായിരുന്നു മാഷ് തന്റെ ശിഷ്യന്മാർക്ക് പറഞ്ഞ് കൊടുത്തിരുന്നത്. ഇതിൽ അദ്ദേഹം സംതൃപ്തി കണ്ടെത്തിയിരുന്നു. ഹൈസ്‌കൂളിൽ പഠിക്കുന്നതോടൊപ്പം ദക്ഷിണ ഹിന്ദി പ്രചാരസഭയുടെ ഹിന്ദി പരീക്ഷകളും പാസായി. സാഹിത്യരത്നം പരീക്ഷ പാസാകുന്നതിന് മുൻപ് തന്നെ, 1959 ൽ ചീനംവീട് യു.പി സ്‌കൂളിൽ അധ്യാപകനായി. 1978ൽ ചിങ്ങപുരം സി.കെ.ജി ഹൈസ്‌കൂളിൽ നിയമിതനായി.

വിവിധ സ്ഥലങ്ങളിൽ ഹിന്ദി കോളജുകൾ ആരംഭിച്ച് ക്ലാസ് നടത്തിയിരുന്നു. ദക്ഷിണ ഭാരത പ്രചാരസഭയുടെയും സാഹിത്യ സമ്മേളൻ പ്രയാഗിൻ്റെയും ലൈഫ് മെംബറായ ഇദ്ദേഹത്തിന് ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭയുടെ വിശിഷ്ട‌ സേവാ സമ്മാൻ സ്വർണമെഡലും വരിഷ്ഠ ഹിന്ദി പ്രചാരക് പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഹിന്ദി പ്രചാരസഭയുടെ പ്രശസ്‌തി പത്രം, ഭാഷാ സമന്വയ വേദിയുടെ ഹിന്ദി സേവാസമ്മാൻ എന്നിവയും നേടി. ഏറ്റവും ഒടുവിലായി ഡൽഹി ഹിന്ദി ഡയറക്ടേഴ്‌സ് പ്രചാരക പുരസ്കാരവും പ്രശസ്‌തി പത്രവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ALSO READ- വടകരയിലെ വിവേകാനന്ദ ഹിന്ദി കോളേജിന്റെ സ്ഥാപകനും അധ്യാപകനുമായിരുന്ന പതിയാരക്കര ടി.വി നാരായണൻ അടിയോടി അന്തരിച്ചു