മിന്നല്‍ പണിമുടക്ക്; കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഡി.വൈ.എഫ്.ഐ സംരക്ഷണത്തില്‍ ആറോളം ബസ്സുകള്‍ ഓടിത്തുടങ്ങി
പേരാമ്പ്ര: സ്വകാര്യ ബസ്സുകള്‍ മിന്നല്‍പണിമുടക്ക് നടത്തുന്ന കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഡി.വൈ.എഫ്.ഐ സംരക്ഷണത്തില്‍ ബസ്സുകള്‍ ഓടിത്തുടങ്ങി. നിലവില്‍ ആറു ബസുകളാണ് ഓടിത്തുടങ്ങിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ബസ്സുകള്‍ സന്നദ്ധത അറിയിക്കുകയാണെങ്കില്‍ അവയ്ക്കും സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ അറിയിച്ചു. മിന്നല്‍ പണിമുടക്കുകള്‍ നടത്താന്‍ പാടില്ലെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ അത്തരം നടപടികളിലേക്ക് ബസ്സുടമകള്‍ നീങ്ങിയ സാഹചര്യത്തില്‍ ഓടുന്ന ബസുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ജില്ലാകമ്മറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം ഉള്ള്യേരിയില്‍ ബസ് സ്റ്റാന്റില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൊഴിലാളികളുടെ വാട്‌സാപ് കൂട്ടായ്മയാണു മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
കുറ്റ്യാടി – കോഴിക്കോട് റൂട്ടിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് അപ്രതീക്ഷിത പണിമുടക്കില്‍ വലഞ്ഞത്. 47 ഓളം സ്വകാര്യ ബസുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തിയതാണ് യാത്രക്കാര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായത്.
അതേസമയം കഴിഞ്ഞ ദിവസം അപ്രഖ്യാപിത പണിമുടക്ക് വകവയ്ക്കാതെ സര്‍വീസ് നടത്തിയ ഒരു സ്വകാര്യ ബസ് കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ വച്ച് സമരാനുകൂലികള്‍ കേട് വരുത്തിയിരുന്നു. ഇതില്‍ കുറ്റ്യാടി പോലീസ് കേസെടുത്ത് നാല് പ്രതികളെ റിമാന്റ് ചെയ്യുകയായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ യാത്രക്കാരെ വലച്ചു മിന്നല്‍ സമരം പ്രഖ്യാപിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.
summary: six buses started service on perambra kuttyadi route under the protection of DYFI