‘മരുന്നുകളുടെ ക്ഷീണം മാറുമ്പോള്‍ ഉന്മേഷത്തോടെ സംസാരിക്കുമായിരുന്നു, അസുഖത്തിനിടയിലും പാർട്ടി സമ്മേളന തിരക്കുകളില്‍’; യെച്ചൂരിയെക്കുറിച്ച് അദ്ദേഹത്തിന്റെ സഹായിയും വളയം സ്വദേശിയുമായ നിതിൻ പറയുന്നു


ന്യൂഡല്‍ഹി: പനിയും ചുമയും പിടിപെട്ട് ക്ഷീണിച്ചപ്പോഴും അവസാനനാളുകളിലും പാര്‍ട്ടി സമ്മേളനകാലത്തെ തിരക്കുകളിലായിരുന്നു സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിന്‌റെ സംഘടനാരേഖകള്‍ തയ്യാറാക്കുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ ആഗസ്ത് എട്ടിന് അദ്ദേഹത്തിന് തിമിര ശസ്ത്രക്രിയ ചെയ്തിരുന്നു. എന്നാല്‍ രണ്ട്-മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം എ.കെ.ജി ഭാവനിലേക്ക് തിരികെയെത്തുകയായിരുന്നു.

ഇതിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. യെച്ചൂരി ചുമയ്ക്കുന്നത് കണ്ട സോണിയ ഗാന്ധി ഉടനടി എയിംസില്‍ പോവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. മാത്രമല്ല പാര്‍ട്ടി ഓഫീസിലെ സഹപ്രവര്‍ത്തകരും സഹായികളും ഇതേ കാര്യം തന്നെ അദ്ദേത്തോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെയെല്ലാം സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് വഴങ്ങിയാണ് സെപ്തംബര്‍ 9ന് വൈകിട്ടോടെ യെച്ചൂരി എയിംസില്‍ ചികിത്സയ്ക്ക് എത്തുന്നത്.

‘മരുന്നുകൾ നൽകിയ ക്ഷീണത്തെ മറികടന്ന് ബോധത്തിലേക്ക്‌ തിരിച്ചുവന്നപ്പോഴൊക്കെ യെച്ചൂരി പതിവുപോലെ ഉന്മേഷവാനായി സംസാരിക്കുമായിരുന്നുവെന്ന്‌ യെച്ചൂരിയുടെ സഹായിയും വളയം സ്വദേശിയുമായ നിതിൻ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയിംസില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3മണിയോടെയായിരുന്നു യെച്ചൂരി മരണപ്പെട്ടത്.

സി.പി.എം ആസ്ഥാനമായ ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എ.കെ.ജി ഭവനില്‍ ഇന്ന് രാവിലെ 11മണി മുതല്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം വൈകുന്നേരത്തോടെ പഠനത്തിനായി എയിംസിന് കൈമാറും. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാന്‍ എ.കെ.ജി ഭവനിലെത്തിയിരുന്നു.

ജെ.എന്‍.യുവില്‍ പഠിക്കവെ 1974ലാണ് അദ്ദേഹം എസ്.എഫ്.ഐയില്‍ ചേരുന്നത്. ഇക്കാലത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോക്ട്രേറ്റ് പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യച്ചൂരിയെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1975ലാണ് സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

1978 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ പ്രസിഡന്റായിരിക്കെ 1984ല്‍ അദ്ദേഹം എസ്.എഫ്.ഐ വിടുകയും സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു. 1985ലെ 13ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും 1992 മുതല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2015ലെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

Description: Sitaram Yechury was busy during the party conference even in the last days