സിസ്റ്റര്‍ ലിനി നിപ പോരാട്ടത്തിന്റെ ചുരുക്കപ്പേര്; കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ


പേരാമ്പ്ര: ആതുര സേവനത്തിന്റെ ത്യാഗോജ്വലമായ മാതൃക തീര്‍ത്ത സിസ്റ്റര്‍ ലിനിയുടെ വീട് സന്ദര്‍ശിച്ച് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍. ഇന്ന് രാവിലെയായിരുന്നു എംഎല്‍എ വീട്ടിലെത്തിയിരുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്.



സിസ്റ്റര്‍ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് അഞ്ചാണ്ട് തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിന്റെ ഓര്‍മ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണ്. സിസ്റ്റര്‍ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്. സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്ന ലിനിയുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍” …
അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

2018 മേയില്‍ കോഴിക്കോടിനെ പിടിച്ചുലച്ച നിപാ ബാധയിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി പുതുശ്ശേരിക്ക് ജീവന്‍ നഷ്ടമാകുന്നത്. നിപാ ബാധിച്ച യുവാവിനെ പരിചരിച്ചതിലൂടെ രോഗം പകര്‍ന്ന് 2018 മെയ് 21ന് പുലര്‍ച്ചെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം.

തനിക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്ന സംശയം ഉണ്ടായപ്പോള്‍തന്നെ സഹപ്രവര്‍ത്തകരോടും വീട്ടുകാരോടും ചികിത്സിച്ചവരോടും ലിനി കാണിച്ച കരുതല്‍ ആതുര സേവനത്തിലെ മഹത്തായ മാതൃകയായിരുന്നു.