”ഒരുമാസത്തിനുള്ളില്‍ തുറയൂരില്‍ ആത്മഹത്യ ചെയ്തത് അഞ്ച് കുട്ടികള്‍; കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ മരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നത് അച്ഛനമ്മമാര്‍ തന്നെയാണ്, നാട് തന്നെയാണ്”; സ്വന്തം നാട് അഭിമുഖീകരിക്കുന്ന സാമൂഹ്യപ്രശ്‌നത്തിലേക്ക് ശ്രദ്ധക്ഷണിച്ച് മിമിക്രി കലാകാരന്‍ സിറാജ് പയ്യോളി
പയ്യോളി: യുവാക്കള്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി മിമിക്രി കലാകാരന്‍ സിറാജ് പയ്യോളി. തുറയൂരില്‍ അടുത്തിടെ അഞ്ച് കുട്ടികളാണ് വിവിധ സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തതെന്നും നാട്ടുകാരനെന്ന നിലയില്‍ തന്നെ മാനസികമായി ഇത് ഏറെ വിഷമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ആത്മഹത്യകളിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പലതാവാം. പ്രണയനൈരാശ്യവും കുടുംബപ്രശ്‌നങ്ങളും അങ്ങനെ കാരണങ്ങള്‍ എന്തുതന്നെയായാലും നമ്മുടെ കുട്ടികള്‍ക്ക് അത്തരം സാഹചര്യങ്ങളെ നേരിടാനുള്ള മാനസിക ആരോഗ്യം ഇല്ലാതാവുന്നുവെന്നതിന്റെ സൂചനയാണ് ഇത്തരം ആത്മഹത്യകളെന്ന് അദ്ദേഹം പറഞ്ഞു. പ്രയാസങ്ങള്‍ തുറന്നുപറയാന്‍ പറ്റിയ സൗഹൃദങ്ങളോ ബന്ധങ്ങളോ ഇല്ലാതാവുന്നു. ഒരുപരിധിവരെയെങ്കിലും ഒറ്റപ്പെടലാണ് കുട്ടികളെ ആത്മഹത്യകളില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുറയൂരിന്റെ മാത്രം പ്രശ്‌നമല്ല ഇത്. കേരളത്തില്‍ പലയിടത്തും ഇത്തരം ആത്മഹത്യകള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ നമ്മള്‍ ഓരോദിവസവും കാണുന്നുണ്ട്. കുട്ടികളിലെ മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും അവര്‍ ഇത്തരം ചെയ്തികളിലേക്ക് പോകുന്നത് തടയാനും സ്‌കൂളില്‍ നിന്നും മറ്റും ബോധവത്കരണ പരിപാടികള്‍ ഉണ്ടാവണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
‘കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അവരുടെ അച്ഛനമ്മമാരും അവിടെ മരിക്കുകയാണ്. നാട് തന്നെ മരിക്കുകയാണ്. തുറയൂരില്‍ ആത്മഹത്യ ചെയ്ത പല കുട്ടികളെയും നേരിട്ട് പരിചയമുണ്ട്. ഇവരുടെ മരണങ്ങള്‍ മാനസികമായി വലിയ പ്രയാസമാണുണ്ടാക്കിയത്.’ എന്നും അദ്ദേഹം വ്യക്തമാക്കി.