ജനലക്ഷങ്ങളുടെ ഉള്ളിലെ തീയാണവൻ, വേടനെ വായടപ്പിക്കാന്‍ മോഹമുണ്ടെങ്കില്‍ അതിവിടെ നടക്കില്ലെന്ന് തിരിച്ചറിയുക; റാപ്പ് ഗായകന്‍ വേടന് പിന്തുണയുമായി ഗായകന്‍ ഷാഫി കൊല്ലം


കോഴിക്കോട്: അറസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി ഷാഫി കൊല്ലം. നിയമത്തിന് മുന്നില്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും അല്ലാത്ത പക്ഷം വേടനെ വായടപ്പിക്കാന്‍ ശ്രമമാണെങ്കില്‍ നടക്കില്ലെന്നുമാണ് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം;

വേടന്‍ ..
വേദനിച്ചവര്‍ക്കും വേര്‍തിരിക്കപ്പെട്ടവര്‍ക്കും വേരിട്ടുകൊടുത്തവനാണിവന്‍ .. നിയമത്തിനുമുന്നില്‍ തെറ്റുകാരനെങ്കില്‍ ശിക്ഷായാവാം തിരുത്തപ്പെടുകയും ചെയ്യും പക്ഷെ വിപ്ലവമൂര്‍ച്ചയുള്ള അവന്റെ വരികളെയും പാട്ടിനെയും ഭയക്കുന്ന ചില വംശീയ വെറിയന്മാരുടെ പൂതിക്ക് വേടനെ വായടപ്പിക്കാന്‍ മോഹമുണ്ടെങ്കില്‍ അതിവിടെ നടക്കില്ലെന്ന് തിരിച്ചറിയുക ..
കാരണം ജനലക്ഷങ്ങളുടെ ഉള്ളിലെ തീയാണവന്‍ മിണ്ടാന്‍ പേടിക്കുന്നവര്‍ക്ക് നാവായവന്‍ .. വേടനൊപ്പം- പിന്തുണയോടെ ഷാഫികൊല്ലം.

കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും വേടന്‍ ധരിച്ചിരിക്കുന്ന മാലയില്‍ പുലിപ്പല്ല് ഉണ്ടെന്നും ഇതില്‍ തെളിവെടുപ്പ് നടത്തണമെന്നുമാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. വേടനെ രണ്ട് ദിവസത്തെ വനംവകുപ്പ് കസ്റ്റഡിയില്‍ വിട്ടു. മെയ് രണ്ടിന് ജാമ്യാപേക്ഷ പരിഗണിക്കും.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 ആണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്. വന്യമൃഗങ്ങളെ വേട്ടയാടല്‍, വനവിഭവം അനധികൃതമായി കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Description: Singer Shafi Kollam supports rapper Vedan