ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു


തൃശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു.1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു.

1965ൽ പുറത്തിറങ്ങിയ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ ‘ഒരുമുല്ലപ്പൂമാലയുമായ് ’എന്ന ഗാനത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ തേടിയെത്തി. ഈ ഗാനത്തിലൂടെയാണ് മലയാള സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴ്‌, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി 15000ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

സംഗീതത്തിന് പുറമെ അഭിനയത്തിലും ജയചന്ദ്രന്റെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹരിഹരന്റെ നഖക്ഷതങ്ങൾ, ഒ.രാമദാസിന്റെ കൃഷ്ണപ്പരുന്ത്, വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവയാണ് അഭിനയിച്ച സിനിമകള്‍. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Description: Singer P.Jayachandran passed away