താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഊമക്കത്ത്
താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂളിലേക്ക് ഊമക്കത്ത്. ഷഹബാസ് കൊലക്കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളെ പോലീസ് സംരക്ഷണത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപന് കത്ത് ലഭിച്ചത്.
വൃത്തിയുള്ള കൈപ്പടയിൽ എഴുതി സാധാരണ തപാലിലാണ് കത്തയച്ചത്.
കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്‌കൂളിൽനിന്ന് മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. കോരങ്ങാട്ടെ വിദ്യാലയത്തിൽ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാൻ പറ്റൂവെന്നുവെന്നും എസ്.എസ്.എൽ.സി. പരീക്ഷകൾ പൂർത്തിയാക്കുംമുമ്പെ കുട്ടികളെ അപായപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്.

സ്‌കൂൾ അധികൃതർ താമരശ്ശേരി പോലീസിനു കത്തു കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള കേസായതിനാൽ അതീവരഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീൽ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ഉള്ളടക്കത്തിലെ പരാമർശങ്ങൾ പരിശോധിക്കുമ്പോൾ കത്തെഴുതിയത് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം പ്രതിഷേധത്തെ തുടർന്ന് ഒബ്സർവേഷൻ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാർഥി പിടിയിലാവുന്നതും. തിങ്കളാഴ്ച കഴിഞ്ഞാൽ പിന്നെ 17 വരെ എസ്.എസ്.എൽ.സി പരീക്ഷയില്ലാത്തതിനാൽ ഈ ദിവസങ്ങളിലാവും കുറ്റാരോപിതരായ മറ്റ് വിദ്യാർഥികളെ പ്രധാനമായും കസ്റ്റഡിയിലെടുക്കുക.