കുഞ്ഞിന്റെ കരച്ചിൽ അസഹനീയമായി തോന്നി കൊന്നുകളയാൻ തന്നെ തോന്നിപ്പോവും; കുഞ്ഞിന്റെ മുഖം ആദ്യമായി കാണുമ്പോൾ സന്തോഷം ഉണ്ടാവുന്നില്ല, അതിനെ സ്നേഹിക്കാൻ പറ്റുന്നില്ല; നിസാരമല്ല പ്രസവാനന്തര വിഷാദം, ജീവനെയും ജീവിതത്തെയും ബാധിക്കാം; ഒപ്പമുണ്ടാവണം, ചേർത്തു പിടിക്കണം; അറിയാം പോസ്റ്റ് പാർട്ടം ഡിപ്രഷനെ പറ്റി


കൈക്കുഞ്ഞിനെ കിണറ്റിലും പുഴയിലും നിലത്തേക്കുമെല്ലാം എറിയുന്ന അമ്മമാരുടെ വാർത്തകൾ മാധ്യമങ്ങളിലൂടെ ഇപ്പോൾ സ്ഥിരം കേൾക്കാറുണ്ടല്ലോ. അത്തരം വാർത്തകളെ അമ്മക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നു എന്നതാണ് മിക്കവാറും എല്ലാവരും വിധിയെഴുതുന്നത്.

എന്നാൽ ഒരു കുഞ്ഞുണ്ടാകുമ്പോൾ ഒരു അമ്മയും ജനിക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത വിവിധ തരം അനുഭവങ്ങൾ പെട്ടന്ന് തന്നെ മാറിമറിയുകയാണ്. ഇതെല്ലാം പെട്ടന്നുൾക്കൊള്ളാൻ എല്ലാവര്ക്കും പറ്റിയെന്നു വരില്ല.

ഗർഭം, പ്രസവം, മാതൃത്വം തുടങ്ങിയവയൊക്കെ ആഘോഷമാക്കുന്ന സമൂഹം മറന്നുപോകുന്ന കുറേ ചെറിയ വലിയ കാര്യങ്ങളാണ് പ്രസവിച്ച കിടക്കുന്ന സ്ത്രീകളിൽ കുറേ പേരുടെയെങ്കിലും സമനിലയുടെ കണക്കുകൾ തെറ്റിക്കുന്നത്. പ്രസവാനന്തര വിഷാദരോഗം കൂടുന്നത്.

തന്റെ പിഞ്ചോമനയെ ആദ്യമായി കാണുന്ന ദിനം എണ്ണി എണ്ണി കാത്തിരുന്നവരിൽ പോലും ചിലപ്പോൾ ആ സന്തോഷം പ്രസവാനന്തരം കണ്ടെത്താനായെന്നു വരില്ല. ‘എന്റെ സഹോദരങ്ങളുടെ കുഞ്ഞുങ്ങളുടെ മക്കളെ കാണുമ്പോഴുള്ള സന്തോഷം എന്റെ കുഞ്ഞിനെ കണ്ടപ്പോൾ കിട്ടിയില്ല. ഞാൻ ഒത്തിരി എക്‌സൈറ്റഡ് ആയിരുന്നു, എന്നാൽ പ്രസവ ശേഷം എനിക്കങ്ങനെ സ്നേഹിക്കാൻ പറ്റുന്നില്ല’ ഇത്തരം നിരവധി കേസുകളാണ് തങ്ങളെ തേടിയെത്തുന്നത് എന്ന് ബാംഗ്ലൂർ നിംഹാൻസ് ഹോസ്പ്പിറ്റലിലെ മാനസിക വിദഗ്ദ്ധർ പറയുന്നു.

 

കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ശ്രമിക്കുന്നതും ഇടയ്ക്ക് ഉണരേണ്ടി വരുന്നതും എല്ലാം ഓരോ ദിവസം കടന്നുപോകുമ്പോഴും അത്തരക്കാരിൽ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കാൻ തുടങ്ങും. ഞാൻ നല്ല അമ്മയല്ല, ഞാൻ ആഗ്രഹിക്കുംപോലെ ഒരമ്മയാവാൻ എനിക്കാവുന്നില്ല എന്നീ ചിന്തകൾ അവളിൽ വലിയ കുറ്റബോധം സൃഷ്ടിക്കുകയും അങ്ങനെ മുമ്പത്തേതിലും വ്യത്യസ്തമായി ചെറിയ കാര്യങ്ങൾക്കും പെട്ടെന്നു ദേഷ്യം കാണിക്കുക, ശ്രദ്ധ ഇല്ലാതെയാവുക എന്നീ പ്രശ്നങ്ങൾ കുടുംബത്തിൽ ആകമാനം പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.

അകാരണമായ സങ്കടം അനുഭവപ്പെടുക, വല്ലാതെ ദേഷ്യം വരിക, കുഞ്ഞിനോട് ഇമോഷണൽ ബന്ധം ഇല്ലാതെ ആവുക, ഒന്നിനോടുംതാല്പര്യം ഇല്ലാതാവുക, നിസ്സഹായാവസ്ഥ അനുഭവപ്പെടുക, ശ്രദ്ധക്കുറവ്, സ്വയം വിലയില്ലായ്മ, പ്രതീക്ഷയില്ലായ്മ, കുഞ്ഞിനെയോ മറ്റാരെയെങ്കിലുമോ ഉപദ്രവിക്കാനുള്ള ചിന്ത മരിക്കണം എന്ന ചിന്ത തുടങ്ങിയവ പോസ്റ്റ്പാർട്ടം ഡിപ്രെഷനിൽ കണ്ടുവരുന്നു.

ഗർഭിണിയായിരുന്ന സമയത്ത് അവളെ മാത്രം ശ്രദ്ധിച്ചിരുന്ന, പൂർണ്ണ സമയം അവളെ പരിപാലിച്ച ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണയും സ്നേഹവുമെല്ലാം പെട്ടന്ന് മറ്റൊരാളിലേക്ക് പോകുന്നത് ഉൾക്കൊള്ളാനാവാതെ വരിക, പ്രസവ രക്ഷ എന്ന പേരിൽ പലയിടങ്ങളിലും സഹിക്കാവുന്നതിലും അപ്പുറമായി ചികിത്സ രീതികളും അവൾക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് കൂടാതെ പ്രസവ ശേഷമുള്ള അവളുടെ ശരീര ഘടനയെ പറ്റിയും കുട്ടിയുടെ നിറം വലുപ്പം എന്നിവയെ പറ്റിയുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ, കാണാൻ വരുന്നവരെല്ലാം നൽകുന്ന ഒടുങ്ങാത്ത ഉപദേശങ്ങൾ എല്ലാം പലപ്പ്പോഴും നിരാശയിലേക്ക് നയിക്കാം.

കുട്ടിയെ പരിപാലിക്കുന്ന കാര്യത്തിൽ കുടുംബത്തിന്റെ ഭാഗത്തുനിന്നും വളരെ കർശനമായ നിയമങ്ങൾ മുന്നോട്ടു വെക്കുക, കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരിക, കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം എന്ന അറിവില്ലായ്മ, ഒറ്റയ്ക്കാകുമ്പോഴുള്ള നിസ്സഹായാവസ്ഥ, മുൻപ് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ നേരിടുക, ഇങ്ങനെ പല സാമൂഹിക കാരണങ്ങളാലും പോസ്റ്റ്പാർട്ടം ഡിപ്രെഷനു കാരണമാകാം.

ഞങ്ങളുണ്ട് ഒപ്പം എന്ന ഉറപ്പാണ് ആദ്യം നൽകേണ്ടത്. അവൾ ഒറ്റയ്ക്കല്ല, അവളോടൊപ്പം സ്നേഹത്തിനൊരല്പവും മാറ്റമില്ലാതെ ഭർത്താവും കുടുംബവും ഒപ്പമുണ്ടെന്ന് പറയണം, പെരുമാറണം.

മനസ്സിന് ധൈര്യവും ബലവും വീണ്ടെടുക്കാൻ ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് വീട്ടിലുള്ള മറ്റഗംങ്ങൾ പ്രത്യേകിച്ചു ഭർത്താവ് ചെയ്യേണ്ടത്. കൂടുതൽ കൃത്യമായി കാര്യങ്ങൾ ചെയ്തുതീർക്കാൻ സമ്മർദ്ദം ഉണ്ടാക്കുന്നത് വലിയ ദോഷം ചെയ്യും. ചെയ്യേണ്ടി വരുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്തുതീർക്കാൻ ഡിപ്രെഷൻ ഉള്ളപ്പോൾ കഴിയാതെ വരും.

അവളുടെ ശരീരത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ അവളിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്നും അവൾ മികച്ച ഒരു അമ്മയാണെന്ന ബോധ്യവും അവളിൽ ഉണ്ടാക്കണം.

ഇനി ഒരു നിമിഷം പോലും കുഞ്ഞിനെ നോക്കാനോ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനോ കഴിയില്ല എന്ന നിലയിൽ മനസ്സു പൂർണ്ണമായും മടുത്തുപോകുന്ന അവസ്ഥയും ഉണ്ടാവാം. കുഞ്ഞിന്റെ കരച്ചിൽ അസഹനീയമായി തോന്നി കുഞ്ഞിനെ കൊന്നുകളയാൻ തന്നെ തോന്നിപ്പോയി എന്നു പറഞ്ഞു കരയുന്ന അമ്മമാർ ഉണ്ട്. അതുകൊണ്ടുതന്നെ പ്രസവനന്തരമുള്ള ഡിപ്രെഷൻ നിസ്സാരമായി കണക്കാക്കാൻ കഴിയില്ല.

ഇന്നു പ്രസവശേഷമുള്ള ഡിപ്രെഷൻ കൂടിവരുന്ന സാഹചര്യത്തിൽ ഉറപ്പായും അതിനു ചികിത്സ നൽകണം, കുഞ്ഞിനെ നോക്കാനുള്ള മടിയാണെന്നും മറ്റും ചൊല്ലി അതിനെ അവഗണിക്കരുതേ. കരുതാം, ഒപ്പമുണ്ടാവാം, ഇത് ജീവന്റെ വിലയാണ്, ജീവിതങ്ങളുടെയും.