വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരധിവാസപാക്കേജ് പ്രഖ്യാപിക്കണമെന്ന്‌ കേരള കോൺഗ്രസ്


വാണിമേൽ: വിലങ്ങാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് സമഗ്രമായ പുനരധിവാസപാക്കേജ് രൂപവത്കരിച്ച് സത്വരനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളിൽ സന്ദർശിച്ചശേഷം കേരള യൂത്ത് ഫ്രണ്ട് നൽകിയ ഗൃഹോപകരണങ്ങൾ മഞ്ഞക്കുന്ന് പള്ളിവികാരിക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്ത് വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കൃഷിയിടങ്ങൾ ഉൾപ്പെടെ ഒരു ഭൂപ്രദേശമാകെ ഈ ദുരന്തത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ്. അടിയന്തരമായി സമഗ്ര പുനരധിവാസം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം അപുജോൺ ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ജോൺ ജോസഫ്, ഹെലൻ ഫ്രാൻസിസ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് കെ.വി. കണ്ണൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്, ജനറൽ സെക്രട്ടറി രാജീവ് തോമസ്, ജോണി ചെക്കിട്ട, ടെന്നിസൺ ചാത്തങ്കണ്ടം, സി.സി. തോമസ് തുടങ്ങിയവർ ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിച്ചു.