ട്രെയിനുകളില്‍ വന്‍ തിരക്ക്; ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് തുടര്‍ന്നേക്കുമെന്ന് സൂചന


കോഴിക്കോട്: യാത്രാത്തിരക്ക് കുറയ്ക്കാന്‍ ഇടക്കാലത്ത് തുടങ്ങിയ ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് തുടര്‍ന്നേക്കുമെന്ന് സൂചന. ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഇതുപോലുള്ള സര്‍വ്വീസുകള്‍ തുടരണമെന്ന യാത്രക്കാരില്‍ നിന്നും ശക്തമായ ഉയരുന്ന സാഹചര്യത്തിലാണിത്.

ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഈ മാസം അവസാനത്തോടെ നിറുത്താനുള്ള തീരുമാനം റെയില്‍വേ പുനഃപരിശോധിച്ചേക്കും. ട്രെയിന്‍ യാത്രക്കാരുടെ സംഘടനകള്‍ നല്‍കിയ നിവേദനത്തിന് മറുപടിയായി പാലക്കാട് ഡിവിഷന്‍ അഡിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.ജയകൃഷ്ണനാണ് ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കിയത്. പാലക്കാട് ഡിവിഷന്‍ പരിധിയിലെ രൂക്ഷമായ ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കുന്നതിന് യാത്രക്കാരുടെ ആവശ്യങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും ഏകോപിച്ച് തയാറാക്കിയ നിവേദനം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ (സി.എ.ആര്‍.യു.എ) ആണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു സമര്‍പ്പിച്ചത്.

ദേശീയ വര്‍ക്കിംഗ് ചെയര്‍മാനും കേരള റീജിയന്‍ പ്രസിഡന്റുമായ ഷെവലിയാര്‍ സി.ഇ.ചാക്കുണ്ണി, കണ്‍വീനര്‍മാരായ സണ്‍ഷൈന്‍ ഷൊര്‍ണൂര്‍, പി.ഐ.അജയന്‍, എ.ശിവശങ്കരന്‍, റിട്ട. സതേണ്‍ റെയില്‍വേ കണ്‍ട്രോളര്‍ കെ.എം.ഗോപിനാഥ് എന്നിവര്‍ നിവേദനം സമര്‍പ്പിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി.

നിവേദനത്തിലെ ആവശ്യങ്ങള്‍

ചെന്നൈ-ബെംഗളൂരു കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ് പാലക്കാട്ടേക്കു നീട്ടണം.

2019ല്‍ റദ്ദാക്കിയ കോഴിക്കോട്-ഷൊര്‍ണൂര്‍, കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കണം.

ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ ആഴ്ചയില്‍ നാലുദിവസം ആരംഭിച്ച സ്പെഷ്യല്‍ പാസഞ്ചര്‍ ദിനംപ്രതി ആക്കണം.

ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ സര്‍വീസ് ഈ മാസം നിറുത്താനുള്ള നീക്കം ഉപേക്ഷിക്കണം.

തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് കോച്ചുകള്‍ 16 ആക്കി വര്‍ദ്ധിപ്പിക്കണം.

തിരക്കുള്ള വണ്ടികളില്‍ ജനറല്‍ റിസര്‍വേഷന്‍ യാത്രികരുടെ ദുരിതം പരിഹരിക്കണം.

Description: Shornur- Kannur special passenger train service may continue