”കോടഞ്ചേരിയിലെ കാട്ടുപന്നി ശല്യം ഇതോടെ തീരുമോ?”; തെലങ്കാനയില്‍ നിന്നും വെടിവെപ്പുകാര്‍ എത്തുന്നു, മൂന്ന് ദിവസം പഞ്ചായത്തില്‍ ക്യാമ്പ് ചെയ്ത് പന്നികളെ കൊല്ലും


കോടഞ്ചേരി: കൃഷിയിടങ്ങളില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വകവരുത്താന്‍ തെലങ്കാനയില്‍ നിന്ന് ഷൂട്ടര്‍മാര്‍ എത്തുന്നു. പഞ്ചായത്തില്‍ വേണ്ടത്ര ഷൂട്ടര്‍മാര്‍ ഇല്ലാത്തതിനാലാണ് തെലങ്കാനയില്‍ നിന്നും ഷൂട്ടര്‍മാരെ എത്തിക്കുന്നത്.

തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ സഹകരണത്തോടെയാണ് ഷൂട്ടര്‍മാര്‍ എത്തുന്നത്. ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചാണ് നടപടി.

ശനിയാഴ്ച ഷൂട്ടര്‍മാര്‍ കോടഞ്ചേരിയിലെത്തും. മൂന്നുദിവസം കോടഞ്ചേരിയില്‍ ക്യാമ്പ് ചെയ്യും. കൃഷിക്കാര്‍ അറിയിക്കുന്ന മുറയ്ക്ക് കൃഷിയിടങ്ങളില്‍ വന്ന് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലും. ഇതിനായി വാര്‍ഡ് മെമ്പര്‍മാരുടെ സഹായത്തോടെ ജനകീയ പങ്കാളിത്തത്തില്‍ പദ്ധതി തയ്യാറാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള ലൈസന്‍സ് ഇവര്‍ക്കുണ്ട്. താമസസൗകര്യവും ഭക്ഷണവും പഞ്ചായത്ത് ഒരുക്കും.