അൽഫാമിൽ നിന്ന് പുഴുക്കൾ, ആഴ്ചകളോളം പഴക്കമുള്ള പോത്തിറച്ചി; നാദാപുരം കുമ്മംങ്കോട് കാറ്ററിംഗ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ
നാദാപുരം: അൽഫാമിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയ പരാതിയെ തുടർന്ന് കുമ്മംങ്കോട് ടികെ കാറ്ററിംഗ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ. ആഴ്ചകളോളം പഴക്കമുള്ള അൽഫാം, പോത്തിറച്ചികൾ, ആടിന്റെയും പോത്തിന്റെയും ലിവറുകൾ ഉൾപ്പടെയുള്ളവ. ഇന്നലെ രാത്രി സ്ഥാപനത്തിൽ നിന്ന് വാങ്ങിയ അൽഫാം കഴിച്ച സമീപവാസിയാണ് ഇറച്ചിയുടെ ഉള്ളിൽ ധാരാളം പുഴുക്കളെ കണ്ടത്. തുടർന്ന് ആരോഗ്യ വിഭാഗത്തിന് പരാതി നൽകുകയായിരുന്നു.
സ്ഥാപനത്തിലെ മുഴുവൻ ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ചിരിക്കുകയും ചെയ്യുന്നു. വേവിക്കാൻ വേണ്ടി വെച്ച ഏകദേശം 15 കിലോ ചിക്കൻ മണിക്കൂറുകളോളം ഫ്രീസ് ചെയ്യാതെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിച്ച നിലയിൽ ചീത്തയായതും കണ്ടെത്തി. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ എല്ലാം പഴകിയതും ദുർഗന്ധം വമിക്കുന്നതും ആയിരുന്നു. വൃത്തിഹീനമായ തരത്തിലും പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം നടത്തിയതിനും കുറച്ചു മാസങ്ങൾക്ക് മുൻപ് 40 ദിവസത്തോളം സ്ഥാപനം ആരോഗ്യ വിഭാഗം അടച്ചു പൂട്ടിയതായിരുന്നു.
ഭക്ഷണസാധനങ്ങളിൽ നിരോധിച്ച കളറുകൾ ചേർത്തതിന് ഭക്ഷ്യസുരക്ഷാ വിഭാഗവും നിലവിൽ സ്ഥാപനത്തിന്റെ പേരിൽ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും അൽഫാം ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളുടെ സാമ്പിൾ ഭക്ഷ്യസുരക്ഷ വകുപ്പ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ആരോഗ്യവിഭാഗം സ്ഥാപനം അടച്ചുപൂട്ടി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ്, ജെ. എച്ച്. ഐ മാരായ ബാബു. കെ, റീന. വി. പി. എന്നിവർ നേതൃത്വം നൽകി