‘ഒച്ചയുണ്ടാക്കിയാല്‍ മാനം പോകും’; മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


മുക്കം: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ ഹോട്ടല്‍ ഉടമയും രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റൂമില്‍ വിശ്രമിക്കുന്നതിനിടെ ഹോട്ടല്‍ ഉടമയും മറ്റ് രണ്ട് പേരും യുവതിയെ കയറിപ്പിടിക്കുന്നതിന്റെയും യുവതി ഒച്ച വെയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

യുവതിയുടെ ബന്ധുക്കളാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മറ്റ് ജീവനക്കാരില്ലാത്ത സമയം ഹോട്ടല്‍ ഉടമയും രണ്ട് പേരും വന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയിരുന്നു. വീണ് നട്ടെല്ലിനും മറ്റും ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വീഡിയോയില്‍ യുവതിയോട് ഒച്ച വയ്ക്കരുതെന്നും മാനം പോകുമെന്നും പറയുന്നുണ്ട്. ആക്രമിക്കുന്നവരുടെ ദൃശ്യങ്ങള്‍ വ്യക്തമല്ല. തന്നെ ഉപദ്രവിക്കരുതെന്ന് യുവതി വീഡിയോയില്‍ കരഞ്ഞ് പറയുന്നത് കേള്‍ക്കാം.

ഹോട്ടല്‍ ഉടമ മുന്‍പും യുവതിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹോട്ടല്‍ ഉടമയെ ഇതുവരെയും പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലന്നും ബന്ധുക്കള്‍ പറയുന്നു.