ഒടുവില്‍ കണ്ണാടിക്കല്‍ ഗ്രാമത്തില്‍ അവന്‍ തിരികെയെത്തി; അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍, വിട നല്‍കി കേരളം


കോഴിക്കോട്: കണ്ണാടിക്കല്‍ ഗ്രാമത്തില്‍ തിരികെയെത്തിയ പ്രിയപ്പെട്ട അര്‍ജുന് നാടിന്റെ യാത്രാമൊഴി. ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായ അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആയിരങ്ങളുടെ യാത്രാമൊഴിയോടെ 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.

കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എ.കെ ശശീന്ദ്രനും കെ.കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോഴിക്കോട് പുറപ്പെട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനുമാണ് കാർവാർ മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റ് വാങ്ങിയത്.

മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ അമരാവതി വീട്ടിലേക്ക് എത്തിയത്‌. രാവിലെ ആറ് മുതല്‍ അര്‍ജുനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആളുകള്‍ കണ്ണാടിക്കല്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. വീടിന് സമീപത്ത് ആംബലുന്‍സ് എത്തിയപ്പോള്‍ പലപ്പോഴും പോലീസിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നിരുന്നു. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ അവസരം നല്‍കിയത്‌.

മന്ത്രി എ.കെ ശശീന്ദ്രൻ, എം.കെ രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കാർവാർ എംഎൽഎ സതീഷ് സെയിൽ, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചിരുന്നു.

Description: shirur landslide arjun funeral fundtion in kannadikkal