ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മധ്യനിരക്കാരിയായി കൂരാച്ചുണ്ട് സ്വദേശി; ബംഗ്ലാദേശിലെ ധാക്കയില്‍ നടക്കുന്ന സാഫ് അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ മത്സരത്തില്‍ കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ ഇന്ത്യയ്ക്കായ് ബൂട്ടണിയും


കൂരാച്ചുണ്ട്: സാഫ് അണ്ടര്‍ 17 വനിതാ ഫുട്ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് കക്കയത്തിന്റെ സ്വന്തം ഷില്‍ജി ഷാജി (കുഞ്ഞാറ്റ). മാര്‍ച്ച് 20ന് ബംഗ്ലാദേശിലെ ധാക്കയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ മധ്യനിരക്കാരിയായാണ് ഷില്‍ജി ഷാജി കളിക്കുക.

ഷില്‍ജി ഉള്‍പ്പെടെ രണ്ട് മലയാളി താരങ്ങളാണ് ടീമിലുള്ളത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ അഖില രാജനാണ് ഷില്‍ജിക്ക് പുറമെയുള്ള മലയാളി. അഖില പ്രതിരോധക്കാരിയായാണ് ഇടം നേടിയത്. ഇരുവരും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലാണ്. കായിക വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച ഫുട്ബോള്‍ അക്കാദമിയിലാണ് പരിശീലനം.

അഞ്ച് ടീമുകളാണ് സാഫ് കപ്പില്‍ ഉണ്ടായിരിക്കുക. 20ന് നിലവിലെ ചാമ്പ്യന്‍മാരായ നേപ്പാളുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. മലയാളിയായ പി.വി പ്രിയയാണ് ഇന്ത്യന്‍ ടീം പരിശീലക.

കക്കയം നീര്‍വായകത്തില്‍ ഷാജി എല്‍സിഷാജി ദമ്പതികളുടെ മകളാണ്.

summary: shilji shaji from Kakkayam is selected in the team of SAFF U 17 football championship in Dhaka