എന്റെ മുന്നിലിട്ടാണ് കൊന്നത്; അച്ഛനെ വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ മൊഴി നൽകി പതിനാലുകാരൻ
കോട്ടയം: അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ മകൻ മൊഴി നൽകി. പുതുപ്പള്ളി മാത്യു കൊലക്കേസിലാണ് മാത്യൂവിന്റെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൻ വിചാരണയ്ക്കിടെയാണ് അമ്മയ്ക്കെതിരെ മൊഴി നൽകിയത്. മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നത് താൻ കണ്ടെന്നാണ് കോടതിയിൽ പറഞ്ഞത്.
അഡിഷനൽ ഡിസ്ട്രിക്ട് കോടതിയിൽ (2) ആണു കേസ്. 2021 ഡിസംബർ 14ന് ആയിരുന്നു സംഭവം. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്-48) ആണു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണ് കേസിലെ പ്രതി.

പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്. ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരുന്ന കുട്ടിയെ ബന്ധുക്കളാണ് ഇപ്പോൾ സംരക്ഷിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം ഹാജരായി. കേസ് 21നു കോടതി വീണ്ടും പരിഗണിക്കും.