“പേരാമ്പ്രയിൽ ഇനി ഷവർമയില്ല, ഭക്ഷണശാലകളിൽ ശുചിത്വം വേണം, മായം കലർന്ന ഭക്ഷ്യ വസ്തുക്കൾക്കും വിലക്ക്”; കരുതലോടെ പേരാമ്പ്ര


പേരാമ്പ്ര: പേരാമ്പ്രയിൽ ഹോട്ടൽ, കൂൾബാർ ഉടമകളുടെ അടിയന്തിര യോഗം ചേർന്നു. കേരളത്തിൽ ഭക്ഷ്യവിഷബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് യോഗം ചേർന്നത്.

ഭക്ഷണശാലകളിൽ ശുചിത്വപരിപാലനത്തിന് പരമ പ്രാധാന്യം നൽകുന്നതിനും, ഗുണമേന്മയില്ലാത്തതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ കർശനമായി ഉപേക്ഷിക്കുന്നതിനും, ഭക്ഷ്യവിഷബാധ കൂടുതലായി കണ്ടുവരുന്ന ഷവർമ ഉൽപ്പാദിപ്പിക്കുന്നത് നിർത്തിവെക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

ഹോട്ടൽ, കൂൾബാർ തൊഴിലാളികൾക്കായി രണ്ട് ദിവസങ്ങളിലായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും സ്ഥാപനങ്ങൾ ആരോഗ്യ, പഞ്ചായത്ത് ജീവനക്കാർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതിനും പൊതുജനാരോഗ്യത്തിന് ഭീക്ഷണി ഉയർത്തുന്നതും ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയാണെങ്കിൽ അത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും യോഗം തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, സെക്രട്ടറി എൽ.എൻ. ഷിജു, ഹെൽത്ത് ഇൻസ്പെക്ടർ സരിത്ത്, അസീസ്, വ്യാപാരസംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.