ഷാരോൺ വധക്കേസ്; ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി


തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരി​ഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ​ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പ​രി​ഗണിക്കാൻ കഴിയില്ലെന്നും അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെെന്നും കോടതി പറഞ്ഞു.

കേസിലെ രണ്ടാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ മൂന്ന് വർഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താൻ ​ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവൻ നിർമൽകുമാരനെതിരേയുമുള്ള കുറ്റം.

ഗ്രീഷ്മ ഷാരോൺ രാജിനെ വീട്ടിലെത്തിച്ച്‌ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി എന്നാണ്‌ കേസ്‌. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വ്യക്തിയുമായുള്ള വിവാഹം നടക്കുന്നതിനായി ​ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. ഷാരോൺ പ്രണയ ബന്ധത്തിൽനിന്നു പിന്മാറാത്തതാണു കൊലപാതകത്തിലേക്ക് നയിച്ചത്. 2022 ഒക്ടോബർ 14ന്‌ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു.

ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോൺ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോൺ ആശുപത്രിയിൽ കിടന്നപ്പോൾ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു. മജിസ്‌ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായത്.