ഷാരോൺ വധക്കേസ്: ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ ചിന്ത, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ശിക്ഷാ വിധി തിങ്കാളാഴ്ച
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ജനുവരി 20ന് ശിക്ഷ വിധിക്കും. ശനിയാഴ്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദം പൂർത്തിയായി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചത്. രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്.
ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയുംചെയ്തു. ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ജഡ്ജിക്കു കൈമാറിയ ഗ്രീഷ്മ തനിക്ക് മറ്റ് ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്നും പരമാവധി ഇളവുകൾ നൽകണമെന്നും അഭ്യർഥിച്ചു.
വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ വാദത്തെ പ്രതിഭാഗം ചോദ്യം ചെയ്തു. സാഹചര്യതെളിവുകൾ മാത്രം വെച്ച് എങ്ങനെ വധശിക്ഷ നൽകാൻ കഴിയുമെന്ന ചോദ്യമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതിക്ക് ആൻ്റി സോഷ്യൽ സ്വഭാവമില്ലെന്നും ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണത ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. ഷാരോണുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പലതവണ ശ്രമിച്ചു. ഗ്രീഷ്മ ഷാരോണിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചെന്നും ഷാരോൺ പിൻമാറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. ഷാരോൺ കിടപ്പുമുറിയിൽ നിന്നുള്ള പടം എടുത്തത് എന്തിനെന്ന് ചോദിച്ച പ്രതിഭാഗം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ ഷാരോൺ ഫോണിൽ സൂക്ഷിച്ചുവെന്നും ചൂണ്ടിക്കാണിച്ചു. ഇരുവിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.
ഗ്രീഷ്മ ഷാരോൺ രാജിനെവീട്ടിലെത്തിച്ച് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി എന്നാണ് കേസ്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വ്യക്തിയുമായുള്ള വിവാഹം നടക്കുന്നതിനായി ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. ഷാരോൺ പ്രണയ ബന്ധത്തില്‍നിന്നു പിന്മാറാത്തതാണു കൊലപാതകത്തിലേക്ക് നയിച്ചത്. 2022 ഒക്ടോബര്‍ 14ന് ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു
ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോണ്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്ഷപ്പെടാന്‍ ഗ്രീഷ്മ ശ്രമിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്.
Description: Sharon murder case: prosecution wants death penalty, sentencing on Monday