സിസ്റ്റര്‍ ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക്; ആശംസകളുമായി മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍


പേരാമ്പ്ര: നിപ രക്തസാക്ഷി സിസ്റ്റര്‍ ലിനിയുടെ മക്കള്‍ പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ സ്‌കൂളിലേക്ക്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ലിനിയുടെ രണ്ട് മക്കള്‍ക്കും ആശംസ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് ശൈലജ ടീച്ചര്‍ ലിനിയുടെ മക്കളായ ഋതുലിനും സിദ്ധാര്‍ത്ഥിനും ആശംസകള്‍ നേര്‍ന്നത്.

പ്രിയപ്പെട്ട ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക് എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേക്ക് പോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നതായും അവര്‍ കുറിച്ചു.

കൊവിഡ്-19 ന് മുമ്പ് കേരളം നേരിട്ട ഭീഷണിയായിരുന്നു നിപ വൈറസ്. പേരാമ്പ്രയില്‍ പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് കോഴിക്കോട് ജില്ലയെ തന്നെ നിശ്ചലമാക്കിയിരുന്നു. നിപ ബാധയേറ്റ രോഗികളെ പരിചരിച്ചപ്പോഴാണ് സിസ്റ്റര്‍ ലിനിക്കും വൈറസ് ബാധയേറ്റത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സായിരുന്നു ലിനി. വൈറസ് ബാധിച്ച ലിനി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അടുത്തിടെയായിരുന്നു ലിനിയുടെ നാലാം ചരമ വാര്‍ഷികം.

മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണ്.