ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി


താമരശ്ശേരി: ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്.

ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഏറെ നേരം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

കുട്ടികള്‍ക്ക് ഇതിനോടകം തന്നെ ഭീഷണിക്കത്തുകള്‍ വന്നിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്തത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായ സംഘര്‍മാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഫെബ്രുവരി 28 നായിരുന്നു സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Description: Shahbaz murder case: High Court rejects bail plea of ​​six accused students