വടകരയിലെ ദേശീയപാത വികസനത്തിലെ കാലതാമസം ലോക്‌സഭയില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍; തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്നും ആവശ്യം


വടകര: വടകരയിലെ ദേശീയപാത വികസനത്തിലെ കാലതാമസം ലോക്‌സഭയില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍ എം.പി. തിക്കോടിയില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കണമെന്നും ഷാഫി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അണ്ടര്‍പാസ്, ഓവര്‍ബ്രിഡ്ജുകള്‍, സര്‍വ്വീസ് റോഡുകള്‍ എന്നിവ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ വടകര മണ്ഡലത്തില്‍ നിലവിലുണ്ട്. തിക്കോടിയില്‍ റെയില്‍വേ സ്‌റ്റേഷനും സ്‌കൂളും, ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവയുള്ള ഭാഗത്ത് അണ്ടര്‍പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നുണ്ട്. നന്തി, അണേല, പന്തലായനി മേഖലകളിലും നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടിയാലോചനകള്‍ നടക്കേണ്ടതുണ്ടെന്നും അനുയോജ്യമായ പരിഹാരം കാണാന്‍ നടപടിയുണ്ടാവണമെന്നും എം.പി ആവശ്യപ്പെട്ടു.

വടകരയിലെ ദേശീയപാത വികസനത്തിലെ കാലതാമസം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വടകരയിലെ ദേശീയപാത വികസനത്തിന്റെ കാലതാമസം മേഖലയില്‍ വലിയ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. മഴക്കാലമായാലും വേനല്‍ക്കാലമായാലും പ്രദേശവാസികള്‍ ദുരിതം പേറുകയാണ്. മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും കാരണം ദുരിതയാത്രയാണെങ്കില്‍ വേനല്‍ക്കാലത്ത് പൊടിശല്യമാണ് വില്ലനാവുന്നത്. ഇതിന് പുറമേ പല മേഖലകളിലും സര്‍വ്വീസ് റോഡുകള്‍ക്ക് വീതിയില്ലാത്തതും ഡ്രെയ്‌നേജുകളുടെ നിര്‍മ്മാണത്തിലെ അപാകതകളുമെല്ലാം ഇതിനകം തന്നെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Summary: Shafi raised the delay in the development of the national highway in Vadakara in the Lok Sabha