‘ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ അനുവദിക്കില്ല’; സംഘർഷം നടന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി ഷാഫി പറമ്പിൽ
കൊയിലാണ്ടി: തിക്കോടി അടിപ്പാത സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സമരസമിതി പ്രവർത്തകരായ ജില്ല പഞ്ചായത്ത് അംഗം ദുൽക്കിഫിൻ ഉൾപ്പടെയുള്ള യു.ഡി.എഫ് പ്രവർത്തകരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് കയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കൊയിലാണ്ടി സ്റ്റേഷനിൽ എത്തി ഷാഫി പറമ്പിൽ എം.പി. സംഭവത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ കയ്യേറ്റം ചെയ്തതിൽ പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
തീർത്തും ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരു ജനകീയ സമരമാണ് തിക്കോടി അടിപ്പാതയ്ക്കായി നടക്കുന്നത്. അധികാരികളുടെ ശ്രദ്ധയിൽ ഇത് പലതവണ പെടുത്തിയതാണ്. ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് സമരസമിതി പ്രവർത്തകരെ കയ്യേറ്റം ചെയ്തത്. സ്ത്രീകളുൾപ്പടെയുള്ള പ്രവർത്തകരെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഫി പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തി നടപടി ആവശ്യമായ സ്വീകരിക്കും എന്ന് എസ്.പി ഉറപ്പു നൽകിയതായി എം.പി പ്രവർത്തകരെ അറിയിച്ചു. ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ, ടി.ടി. ഇസ്മായിൽ തുടങിയ നേതാക്കൾ ക്കൊപ്പമാണ് ഷാഫി പറമ്പിൽ കൊയിലാണ്ടി സ്റ്റേഷനിൽ എത്തിയത്. തങ്ങളാരും വികസനത്തിന് എതിരെല്ലന്നും ജനങ്ങളുടെ ആവശ്യങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
തിക്കോടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കണം എന്നാവശ്യപ്പെടു നടന്ന സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫിലിൻ ഉൾപ്പടെയുള്ള സമരസമിതി പ്രവർത്തകരും പോലീസും തമ്മിൽ ഇന്ന് വൈകീട്ടാണ് സ്റ്റേഷനിൽ വെച്ച് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഏറെ നേരം പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും നടന്നു. മുസ്ലിം ലീഗ് നേതാവ് ടി.ടി. ഇസ്മായിൽ ഉൾപ്പടെയുള്ള യു.ഡി.എഫ് നേതാക്കളുടെ സാനിധ്യത്തിലാണ് പോലീസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തത്.
ഇന്ന് രാവിലെ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമരം ചെയ്തവര്‍ക്കുനേരെയുള്ള പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്.
Summary: ‘People’s protests will not be allowed to be suppressed by the police’; Shafi Parampil reached the Koilandi police station where the conflict took place