സ്‌കൂള്‍മുറ്റത്തെ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റി: പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മുറ്റത്ത് പ്രതിഷേധക്കൂട്ടായ്മ
ഉള്ള്യേരി: പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മുറ്റത്തെ തണല്‍മരങ്ങള്‍ മുറിച്ച സംഭവത്തില്‍ സ്‌കൂള്‍മുറ്റത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ക്രിസ്മസ് അവധിക്കാലത്താണ് മുറ്റത്തെ തണല്‍ മരങ്ങള്‍ മുറിച്ചിരുന്നത്. മൂന്ന് മാവും മൂന്ന് പൂമരങ്ങളുമാണ് മുറിച്ചത്.
മരങ്ങള്‍ മുറിച്ച് മാറ്റിയതോടെ ക്ലാസുകളിലും മുറ്റത്തും ചൂട് കൂടി. ഗ്രാനൈറ്റില്‍ നിര്‍മ്മിച്ച ഇരിപ്പിടങ്ങളും ചുട്ടുപൊള്ളാന്‍ തുടങ്ങി. ഇത്രയും നാള്‍ തങ്ങള്‍ക്ക് തണലേകിയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, കെ.എസ്.യു, എസ്.എഫ്.ഐ എന്നീ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.
മുറിച്ച മരങ്ങള്‍ കൊണ്ടുപോകുന്നത് സ്‌കൂള്‍ എസ്.പി.സി. കാഡറ്റുകള്‍ തടഞ്ഞു. ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് പ്രതിനിധഇകളും പി.ടി.എ. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരും മരം കൊണ്ടുപോകുന്നത് വിലക്കി.
സ്‌കൂള്‍ മുറ്റത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനംചെയ്തു. മാനേജ്മെന്റ് കമ്മിറ്റിയില്‍ നിന്നുള്ള എട്ട് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ടി.പി. ദിനേശന്‍, പ്രധാനാധ്യാപകന്‍ സത്യേന്ദ്രന്‍, കെ.കെ. സുരേഷ്, ഭാസ്‌കരന്‍ കിടാവ്, പോടേരി ഹരിദാസന്‍, വിജയന്‍ മുണ്ടോത്ത്, രാജേന്ദ്രന്‍ കുളങ്ങര, എസ്. ശ്രീചിത്ത്, ഇ.എം. ബഷീര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.