കാലിക്കറ്റ് സര്‍വകലാശാലാ തിരഞ്ഞെടുപ്പില്‍ പത്തില്‍ ഒമ്പത് സീറ്റും തൂത്തുവാരി ഭരണം നിലനിർത്തി എസ്.എഫ്.ഐ; പ്രതിപക്ഷ മുന്നണിയെ തളച്ചത് വെറും ഒരു സീറ്റില്‍


തേഞ്ഞിപ്പലം: പ്രതിപക്ഷ മുന്നണിയായ യു.ഡി.എസ്.എഫിനെ ഒറ്റ സീറ്റില്‍ തളച്ച് എസ്.എഫ്.ഐ. മത്സരിച്ച പത്ത് സ്ഥാനങ്ങളിൽ ഒൻപതും നേടി എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാല യൂണിയൻ ഭരണം നിലനിർത്തി.

ചെയർ പേഴ്സൺ, വൈസ് ചെയർമാൻ, വൈസ് ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജില്ലകളുടെ പ്രതിനിധികളായി അഞ്ച് പേർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു വാശിയേറിയ മൽസരം നടന്നത്.

സർവകലാശാല ക്യാംപസിലെ വിദ്യാർഥിയായ ടി. സ്നേഹ ചെയർ പേഴ്സൺ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് പ്രധാനസ്ഥാനങ്ങളും 4 ജില്ലാ സീറ്റുകളും എസ്.എഫ്.ഐ. നേടിയപ്പോള്‍ എം.എസ്.എഫ് – കെ.എസ്. യു പ്രതിപക്ഷ സഖ്യമായ യുഡി എസ് എഫിന് മലപ്പുറം ജില്ലാ സീറ്റില്‍ മാത്രം ഒതുങ്ങേണ്ടിയും വന്നു.

കോവിഡിന് ശേഷം സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് നീണ്ടു പോകുന്നതിനെതിരെ വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംഘർഷ സാധ്യത മുന്‍കൂട്ടി കണ്ട് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. 464 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്ക് പുറമേ അയോഗ്യരാക്കപ്പെട്ട 25 പേരും വോട്ട് ചെയ്തിരുന്നെങ്കിലും ഇത് സംബന്ധിച്ച ഹൈക്കോടതി വിധി വന്ന ശേഷം മാത്രമാണ് വോട്ടെണ്ണൽ ആരംഭിച്ചത്.