ലൈം​ഗീകാരോപണം; രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിൻറെ ബോർഡ് നീക്കം ചെയ്തു, കോഴിക്കോടെ വീടിന് പൊലീസ് സുരക്ഷ


കോഴിക്കോട്: ബം​ഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്നതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിൻറെ ബോർഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ബോർഡ് നീക്കം ചെയ്ത ഔദ്യോഗിക വാഹനം രഞ്ജിത്തിൻറെ വയനാട്ടിലെ റിസോർട്ടിൽ നിന്നും കൊണ്ടു പോവുകയും ചെയ്തതായാണ് വിവരം.

ബം​ഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്ന് വലിയ വാർത്തയായതിന് പിന്നാലെ രഞ്ജിത്ത് വയനാട്ടിലെ റിസോർട്ടിലായിരുന്നു. ഇവിടെ രാവിലെ യൂത്ത് കോൺഗ്രസ് അടക്കം പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇവിടെ നിന്ന് രഞ്ജിത്ത് കോഴിക്കോടെക്ക് തിരിച്ചുവെന്നാണ് വിവരം.

രഞ്ജിത്തിൻറെ കോഴിക്കോടെ വീട്ടിന് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പദവിയിൽ നിന്ന് രാജിവെക്കാൻ രഞ്ജിത്തിന് മേൽ സമ്മർദം ശക്തമാണ്. ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുകയാണ്.

Description: sexual harassment; Ranjith removed the board of the official vehicle, police security at the house in Kozhikode