മലിനജലം പുറത്തേക്ക് ഒഴുക്കി; ചോറോട് പെരുവാട്ടും താഴെത്തെ ഹോട്ടല്‍ പ്രദേശവാസികള്‍ അടപ്പിച്ചു
ചോറോട്: മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് ചോറോട് പെരുവാട്ടും താഴെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പ്രദേശവാസികള്‍ അടപ്പിച്ചു. ബിരിയാണി പീടിക എന്ന ഹോട്ടലാണ് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ അടപ്പിച്ചത്. പൈപ്പ് വഴി ഹോട്ടലിലെ മലിനജലം സമീപത്തെ പറമ്പിലേക്ക് ഒഴുക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയില്‍ പ്രദേശത്തെ കിണറുകളില്‍ മലിനജലം ഒഴുകിയെത്തിയതോടെയാണ് ഹോട്ടലിനെതിരെ പ്രതിഷേധം ശക്തമായത്.
തുടര്‍ന്ന് ഞായറാഴ്ച രാവിലെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ എത്തിയാണ് പ്രദേശവാസികള്‍ ഹോട്ടല്‍ അടപ്പിച്ചത്. ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കി മാത്രമേ ഹോട്ടല്‍ വീണ്ടും തുറക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ആക്ഷന്‍ കമ്മിറ്റി ഹോട്ടല്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് വൈകിട്ട് മെമ്പറുടെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉടമകളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മലിനജല സംസ്‌കരണത്തിന് ഉടന്‍ തന്നെ കൃത്യമായ സംവിധാനം ഒരുക്കുമെന്ന് ഹോട്ടല്‍ ഉടമകള്‍ അറിയിച്ചതായി മെമ്പര്‍ പറഞ്ഞു.
മുമ്പും നിരവധി തവണ മലിനജലം പുറത്തേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ പരാതി ഉയര്‍ന്നിരുന്നു. സെപ്തംബര്‍ മാസം മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടാന്‍ ചോറോട് പഞ്ചായത്ത് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
Description: Sewage was flushed out; The locals shut down a hotel in chorode