മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി നിരന്തരം പരാതി; വടകര പെരുവാട്ടുംതാഴ ജംഗ്ഷനിലെ ഹോട്ടലിനെതിരെ നടപടി


ചോറോട്: മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് വടകര പെരുവാട്ടുംതാഴ ജംഗ്ഷനിലെ ഹോട്ടലിനെതിരെ നടപടിയുമായി പഞ്ചായത്ത്. ബിരിയാണി പീടിയ എന്ന ഹോട്ടലിനെതിരെയാണ് ചോറോട് പഞ്ചായത്ത് അധികൃതര്‍ നടപടിയെടുത്തത്.

ഹോട്ടലിലെ മലിനജല സംസ്‌കരണ പ്ലാന്റില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി പഞ്ചായത്തിന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുകയും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതോടെ സ്ഥാപന ഉടമയ്ക്ക് 25,000രൂപ പിഴയും മലിനജല സംസ്‌കരണം ഉറപ്പ് വരുത്തുന്നത് വരെ സ്ഥാപനം താത്ക്കാലികമായി അടച്ചുപൂട്ടാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍, എച്ച്.ഐ ലിന്‍ഷി, ആരോഗ്യവിഭാഗം എച്ച്.ഐ ഷീബ, ജെ.എച്ച്.ഐ സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Description: sewage leaking out; Action against the hotel at Vadakara