ആയഞ്ചേരി ടൗണിലെ രൂക്ഷമായ വെള്ളക്കെട്ട്; പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥരുമായി എം.എൽ.എ എത്തി


ആയഞ്ചേരി: രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം നിലനിൽക്കുന്ന ആയഞ്ചേരി ടൗണിൽ പ്രശ്നപരിഹാരത്തിന് എം.എൽ.എയുടെ ഇടപെടൽ. കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എയാണ് വെള്ളക്കെട്ട് പ്രശ്നപരിഹാരത്തിന് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ച് സംഭവസ്ഥലം സന്ദർശിച്ചത്.

പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് നിധിൻ ലക്ഷ്മണന്റെയും,അസിസ്റ്റൻറ് എൻജിനീയർ ഷക്കീർ, ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിലാണ് എം.എൽ.എ സ്ഥലത്ത് പരിശോധന നടത്തിയത്. ക്രോസ് ഡ്രൈനേജിൽ തടസ്സങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആയത് നീക്കി വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചു.

മഴയുടെ തീവ്രത കുറഞ്ഞതിനു ശേഷം പ്രവൃത്തി ആരംഭിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആയഞ്ചേരി ടൗണിലെ വെള്ളക്കെട്ട് കാരണം വ്യാപാരികളും പ്രദേശവാസികളും വലിയ പ്രയാസം നേരിടുന്നുണ്ട്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹമീദ്, പ്രദേശവാസികൾ, വ്യാപാരികൾ എന്നിവർ സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു.