പോരാട്ടഭൂമിയില്‍ ചോര ചിന്തിയ ഒഞ്ചിയത്തിന്റെ വിപ്ലവ ഇതിഹാസം; സഖാവ് മണ്ടോടി കണ്ണന്റെ ഓര്‍മകള്‍ക്ക് 76 വയസ്


വടകര: പോലീസ് മര്‍ദനത്തില്‍ ജീവന്‍ പിടയുമ്പോഴും ലോക്കപ്പ് ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച, ജീവിതം കൊണ്ടും മരണം കൊണ്ടും ധീരതയുടെ പര്യായമായ ഒഞ്ചിയത്തെ വിപ്ലവ ഇതിഹാസം മണ്ടോടി കണ്ണന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് എഴുപത്തിയാറ് വയസ്‌. 1930-40 കാലഘട്ടങ്ങളില്‍ ഒഞ്ചിയത്ത് കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപികരിക്കുന്നതിന് നേതൃത്വം നല്‍കിയ സമരധീരതയാണ് മണ്ടോടിയെന്ന നേതാവ്. ജില്ലയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ടി സെല്‍ രൂപികരിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

1949 മാർച്ച് മാസം നാലാം തീയ്യതിയാണ് മണ്ടോടി കണ്ണൻ രക്തസാക്ഷിയാവുന്നത്. 1948 ഏപ്രിൽ 30ന് നടന്ന വെടിവെപ്പിനെ തുടര്‍ന്ന് ഒഞ്ചിയത്ത് ദിവസങ്ങളോളം പ്രശ്‌നങ്ങളായിരുന്നു. അന്ന് പാർട്ടി നേതാവായ കണ്ണനെ അന്വേഷിച്ചായിരുന്നു പോലീസുകാര്‍ നാട് മൊത്തം അലഞ്ഞത്‌. എന്നാല്‍ പോലീസിന്റെ മര്‍ദനം ഏറ്റുവാങ്ങുമ്പോഴും പാർട്ടിയേയും നേതാക്കളെയും ഒറ്റികൊടുക്കാൻ പ്രദേശവാസികള്‍ തയ്യാറായില്ല. തന്നെ ചൊല്ലി ഒരു പ്രദേശമാകെ അനുഭവിക്കുന്ന പീഢനങ്ങൾക്ക് അറുതി വരുത്താൻ മണ്ടോടി കണ്ണൻ സ്വയം പോലീസിന് പിടികൊടുക്കുകയായിരുന്നു. ക്രൂര മർദ്ദനങ്ങളാണ് വടകര പോലീസ് സ്റ്റേഷനിലെ ലോക്കപ്പുമുറിയിൽ മണ്ടോടി പിന്നീട്‌ നേരിട്ടത്.

‘ഒഞ്ചിയം നാട് ഞാന്‍ കാരണമാണ് നിങ്ങള്‍ കൊള്ളയടിച്ചും അതിക്രമം കാട്ടിയും ശ്വാസം മുട്ടിക്കുന്നതെങ്കില്‍ അവസാനിപ്പിക്കാന്‍ ഞാനിതാ പിടി തരികയാണ്. യാതന അനുഭവിക്കുന്ന ഇന്നാട്ടിലെ പാവങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കീഴടങ്ങുന്നത്. ഞാനെന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്, ജന്മിമൂരാച്ചി യാഥാസ്ഥിതിക വര്‍ഗത്തിനെതിരെ കമ്മ്യൂണിസം എന്ന നിങ്ങളുടെ ശത്രുവിനെ വളര്‍ത്തിക്കൊണ്ടു വന്നു എന്നതല്ലേ ? അതിന്റെ പേരില്‍ എന്നെയും എന്നെപ്പോലെയുള്ളവരെയും അടിച്ചും വെടിവച്ചും കൊന്നുതള്ളിയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നാട്ടില്‍ വളരും’ എന്നായിരുന്നു പിടികൊടുക്കുമ്പോള്‍ മണ്ടോടി കണ്ണന്‍ പറഞ്ഞത്.

കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പ്രാവശ്യമെങ്കിലും മൂർദ്ദാബാദ് വിളിക്കണമെന്നും നെഹ്റു സർക്കാറിന് ജയ് വിളിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പോലീസ്‌ പീഢനം. അങ്ങനെ ചെയ്താൽ വിട്ടയക്കാമെന്നുള്ള പ്രലോഭനങ്ങൾക്കൊന്നും മണ്ടോടി വഴങ്ങിയില്ല. മനുഷ്യത്വരഹിതമായ മർദ്ദനത്തെ തുടർന്ന് ശരീരത്തിൽ നിന്ന് ലോക്കപ്പ് മുറിയിൽ ഒലിച്ചിറങ്ങിയ ചോരയിൽ കൈ വിരൽ മുക്കി മണ്ടോടി കണ്ണൻ ലോക്കപ്പു മുറിയുടെ ചുവരിൽ അരിവാൾ ചുറ്റിക വരച്ചത് കണ്ട് പോലീസുകാർ ഞെട്ടി. പിന്നാലെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് വടകരയിലെ ആശുപത്രി കിടക്കയിൽ വച്ച് മണ്ടോടി കണ്ണന്‍ വിടപറഞ്ഞു.

Description: Seventy-six years have passed since the martyrdom of Mandodi Kannan