ഏഴ് നാൾ ഉത്സവാഘോഷ ലഹരി; പൊന്മേരി ശിവക്ഷേത്ര മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും
വില്ല്യാപ്പള്ളി: പൊന്മേരി ശിവക്ഷേത്ര മഹോത്സവം ഏഴ് മുതൽ 14 വരെ നടക്കും. ഏഴിന് വൈകീട്ട് 4.30ന് കലവറനിറയ്ക്കൽ ചടങ്ങും 6.30ന് സംഗീതാരാധനയും നടക്കും. രാത്രി എട്ടുമണിക്ക് ഉത്സവത്തിന് കൊടിയേറും. ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലം ഹരിഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് 8.30-ന് കരിമരുന്ന് പ്രയോഗം ഉണ്ടാകും.
എട്ടിന് രാവിലെ 7.30നും വൈകീട്ട് 5.30നും കാഴ്ചശീവേലി നടക്കും. എട്ടിന് ഹാപ്പി ഹവേഴ്സ്-2025 അരങ്ങേറും. ഒൻപതിന് രാവിലെ 7.30നും വൈകീട്ട് 5.30നും കാഴ്ചശീവേലിയുണ്ടാകും. രാത്രി ഒൻപതിന് ക്ലാസിക്കൽ ഡാൻസ് ഇവന്റ് നടക്കും. 10ന് രാവിലെ 7.30നും വൈകീട്ട് 5.30നും കാഴ്ചശീവേലി, ശേഷം ഏഴിന് തായമ്പക, എട്ടിന് നൃത്തസംഗീതാർച്ചന എന്നിവ അരങ്ങേറും.
11-ന് വൈകീട്ട് കലാമണ്ഡലം മഹേന്ദ്രൻ ഓട്ടൻതുള്ളൽ അവതരിപ്പിക്കും. 12 ന് രാവിലെ ഉത്സവബലി ദർശനവും വൈകീട്ട് വിവിധ കലാരിപാടികളും ഗാനമേളയും നടക്കും. 13-ന് രാവിലെ 7.30ന് കാഴ്ചശീവേലി, വൈകീട്ട് 4.30ന് മോതിരംവെച്ച് തൊഴൽ, പറവെച്ച് തൊഴൽ, ആറുമണിക്ക് നഗരപ്രദക്ഷിണം, തുടർന്ന് 10.30-ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. 14-ന് രാവിലെ 9.30-ന് ആറാട്ട്, ഉച്ചപൂജ, ഭഗവത് ദർശനം, ശേഷം കൊടിയിറങ്ങും. 12 മണിക്ക് ആറാട്ടുസദ്യയോടെ ഉത്സവത്തിന് സമാപനമാകും.