പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികളുടെ മുന്നേറ്റ വിദ്യാഭ്യാസത്തിനായി സേവാസ് പദ്ധതി: ചക്കിട്ടപ്പാറയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വി.ശിവന്‍കുട്ടി


ചക്കിട്ടപ്പാറ: പരിമിതികള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന തരത്തിലുളള വിദ്യാഭ്യാസം നല്‍കുന്ന സേവാസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ആദിവാസി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര ബി.ആര്‍.സി പരിധിയിലുള്ള മലയോര പ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തിനെയാണ് കോഴിക്കോട് ജില്ലയില്‍ പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

പാര്‍ശ്വവത്കൃത മേഖലകളിലെ സമഗ്ര വികസനം മുന്നില്‍ കണ്ട് എല്ലാ ഏകോപന സാധ്യതകളും പ്രയോജനപ്പെടുത്തി നിശ്ചിത പാര്‍ശ്വവല്‍കൃത മേഖല ദത്തെടുക്കുന്ന പ്രക്രിയയാണ് സേവാസ് പദ്ധതി വിഭാവനം ചെയ്യുന്നത്. സമഗ്ര ശിക്ഷാ കേരളം ആക്‌സസ് ഫോക്കസ്ഡ് ഇന്നവേറ്റീവ് പ്രോഗ്രാം എന്ന ഇന്റര്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 14 പാര്‍ശ്വവത്കൃത പഞ്ചായത്തുകളെ തിരഞ്ഞെടുത്തിട്ടുണ്ട്.

അഞ്ച് വര്‍ഷം കൊണ്ട് എല്ലാ മേഖലകളിലും ഉന്നതിയിലെത്തുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക, വിവിധതരം പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും, ജീവിത നൈപുണിയും നേടത്തക്ക വിധത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം എ എസ് പി ഡി ആര്‍ എസ് ഷിബു പദ്ധതി വിശദീകരിച്ചു. കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു ഫസ്റ്റ് എയ്ഡ് ബോക്‌സ് വിതരണം ചെയ്തു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ.എ.കെ അബ്ദുല്‍ ഹക്കീം സേവാസ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള മൊമന്റോ മന്ത്രി കൈമാറി. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.

ചടങ്ങില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണി വേങ്ങേരി, വി.കെ പ്രമോദ്, കെ.കെ ബിന്ദു, ചക്കിട്ടപാറ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.യു.കെ അബ്ദുള്‍ നാസര്‍, ബി.ആര്‍.സി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകള്‍, വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സ്വാഗതവും ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിത വി.പി നന്ദിയും പറഞ്ഞു.