ദേശീയപാത നിർമാണ പ്രവർത്തനത്തെ തുടർന്നുള്ള ​ഗതാ​ഗതകുരുക്ക്; വടകര ന​ഗരത്തിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും


വടകര: ദേശീയപാത നിർമാണ പ്രവർത്തനത്തിൽ യാത്രക്കാരും കച്ചവട സ്ഥാപനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കെ.കെ രമ എം.എൽ.എ രം​ഗത്ത്. നിർമാണ കമ്പനി ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരുമായി എം എൽ എ ചർച്ച നടത്തി. ​ഗതാ​ഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ വടകര ന​ഗരത്തിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.

ദേശീയ പാത നിർമാണത്തെ തുടർന്ന് വടകര ടൗൺ മേഖലയിലെ യാത്രക്കാർക്കും കച്ചവടക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പരാതികൾ എം.എൽ.എയ്ക്ക് ലഭിച്ച സാഹചര്യത്തിലാണ് ചർച്ച നടത്തിയത്. പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് എം എൽ എ യോ​ഗത്തിൽ ആവശ്യപ്പെട്ടിരുന്നു. പണി നടക്കുമ്പോൾ വെള്ളം തളിച്ച് പൊടി ശല്യത്തിന് പരിഹാരം കാണാമെന്ന് കരാർ കമ്പനിയുടെ ഉറപ്പ് ലഭിച്ചതായി എം.എൽ.എ അറിയിച്ചു.

Description: Service roads in Vadakara city will be made passable within a week