നാട മുറിച്ച് റോഡ് ഉദ്ഘാടനം, ശേഷം ശര്‍ക്കര വിതരണം: വേറിട്ട പ്രതിഷേധവുമായി തുറയൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികളെത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി. ഓട്ടോ സ്റ്റാന്റിനു മുന്നില്‍ രണ്ടു പേര്‍ നീല റിബണ്‍ പിടിച്ചു നിന്നു. പിന്നാലെ റിബണ്‍ മുറിച്ച് പ്രതികാത്മക റോഡ് ഉദ്ഘാടനം. തുടര്‍ന്ന്, ആഹ്ലാദം പങ്കുവെക്കുന്നതിനായി ശര്‍ക്കര വിതരണം. അന്തം വിട്ടു നിന്ന നാട്ടുകാരോട് ഡ്രൈവര്‍മാര്‍ കാര്യം വിശദീകരിച്ചു. തുറയൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ദുരിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തുറയൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമായില്ലെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു.
പഞ്ചായത്ത് അധികൃതര്‍ നല്‍കിയ ഉറപ്പ് പാഴ് വാക്കായി മാറിയതോടെയാണ് സമരവുമായി രംഗത്തെത്തിയതെന്നും ഇവര്‍ പറയുന്നു. റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തുറയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ഓട്ടോസ്റ്റാന്റിന് മുന്നില്‍ നടന്ന പ്രതീകാത്മക റോഡ് ഉദ്ഘാടനം കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ഒടിയില്‍ രാഘവന്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ടി. റസാഖ് അധ്യക്ഷനായി.
എസ്ടിയു പേരാമ്പ്ര മണ്ഡലം ട്രഷറര്‍ മുജീബ് കോമത്ത് മുഖ്യാതിഥിയായിരുന്നു. തെനങ്കാലില്‍ അബ്ദുറഹിമാന്‍ പ്രസംഗിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഓട്ടോ പണിമുടക്ക് നടത്തിയിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും വാഹന ഗതാഗത യോഗ്യമാക്കുന്നത് വരെ സമരം ശക്തമാക്കാനാണ് കോഡിനേഷന്‍ കമ്മിറ്റി തീരുമാനം.