മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു


തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ആറ്റിങ്ങള്‍ വക്കത്ത് ഭാനു പണിക്കര്‍-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12ന് ജനിച്ചു. സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തിരുവനന്തപുരം ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ച നേതാവ് കൂടിയാണ്. രണ്ട് തവണ ലോക്‌സഭാ അംഗവും രണ്ട് തവണ നിയമസഭാംഗവുമായിരുന്നു.

പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിച്ച വക്കം അഞ്ച് തവണ ആറ്റിങ്ങലില്‍ നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്. 1970, 1977, 1980, 1982, 2001 എന്നീ വര്‍ഷങ്ങളിലാണ് എം.എല്‍.എയായത്. രണ്ടു തവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്..

1993-96 കാലത്ത് ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. 2011 മുതല്‍ 2014വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ജൂണ്‍ 30 മുതല്‍ 2014 ജൂലൈ 14വരെ ത്രിപുരയുടെ ഗവര്‍ണറായി അധിക ചുമതല വഹിച്ചിരുന്നു.

പാര്‍ലമെന്ററി പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയുടെ ചെയര്‍മാനായും പാര്‍ലമെന്റിന്റെ കീഴിലുള്ള നിയമനിര്‍മാണ സമിതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം ജനീവയിലെ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ സി ഐഡിപിയിലേക്കുള്ള വിദഗ്ദരുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.

ഡോ.ലില്ലിയാണ് ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.