ചക്കിട്ടപാറയുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികാസത്തിനായ് സേവാസ്; പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 12 ന്


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ നടപ്പാക്കുന്ന സേവാസ് പദ്ധതിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും. ജൂൺ 12 ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടവും ചക്കിട്ടപ്പാറയിൽ നടക്കും. സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്തുകളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സവിശേഷ പദ്ധതിയാണ് സേവാസ് (Self Emerging Village through Advanced Support).

പാർശ്വവൽകൃത മേഖലയിലെ പഞ്ചായത്തുകളെ ഏറ്റെടുത്ത് സാമൂഹിക-സാംസ്കാരിക-സാമ്പത്തിക വികാസം സാധ്യമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി അഞ്ച് വർഷത്തെ നിരന്തരവും സമഗ്രവുമായ പ്രവർത്തനത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും. ആദിവാസി-പട്ടിക വർഗ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന പേരാമ്പ്ര ബി.ആർ.സി പരിധിയിലുള്ള മലയോര പ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തിനെയാണ് ജില്ലയിൽ പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. സ്കൂളുകളും താമസ സ്ഥലവും അടിസ്ഥാനമാക്കിയുള്ള അവസ്ഥാപഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കുകയെന്ന് സമഗ്ര ശിക്ഷാ ജില്ലാ കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം അറിയിച്ചു.

ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും. സമഗ്ര ശിക്ഷാ കേരളം എ എസ് പി ഡി ആർ എസ് ഷിബു പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കുട്ടികൾക്കുള്ള സൈക്കിൾ വിതരണം ചെയ്യും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം ചെയ്യും. എസ് എസ് കെ ജില്ലാ പ്രാെജക്ട് കോഡിനേറ്റർ ഡോ.എ.കെ അബ്ദുൽ ഹക്കീം സേവാസ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും. ചടങ്ങിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.