‘ഒരു കുട്ടി തിരയില്‍പ്പെട്ട് ഒലിച്ചുപോവുന്നതാ കണ്ടത്….വേഗം പിടിച്ചു കരയ്ക്ക് കയറ്റി, പിന്നാലെ നാല് പേരെ കണ്ടെത്തി’; തിക്കോടി കല്ലകത്ത് കടപ്പുറത്ത് തിരയില്‍പ്പെട്ട് നാല് പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് പ്രദേശവാസി പറയുന്നു
തിക്കോടി: ‘തിരയില്‍പ്പെട്ട് ഒലിച്ചു പോവുന്നതാ കണ്ടത്…വേഗം ഇറങ്ങി അവരെ വലിച്ചുകയറ്റി…കുട്ടി പറഞ്ഞാണ് നാല് പേര്‍ കൂടി തിരയില്‍പ്പെട്ടത് അറിഞ്ഞത്….! തിക്കോടി കല്ലകത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങി നാല് പേര്‍ മരിച്ച സംഭവത്തെ കുറിച്ച് പ്രദേശവാസിയായ പുരുഷു പറയുന്നതിങ്ങനെയാണ്.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മിലെ അംഗങ്ങളും ഉടമകളുമടങ്ങിയ 24 പേരടങ്ങുന്ന സംഘമാണ് മിനി ബസില്‍ കടപ്പുറത്ത് എത്തിയത്. ഇതില്‍ അഞ്ച് പേരാണ് കടലില്‍ ഇറങ്ങിയത്. പെട്ടെന്നുണ്ടായ അടിയൊഴുക്കില്‍പ്പെട്ട് അഞ്ച് പേരും ഒഴുകിപോയി. ഇതോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചു.
ബഹളം കേട്ടി ഓടിയെത്തിയ തലോടി സ്വദേശി അനീഷ്, ലക്ഷംവീട് കോളനി സ്വദേശി റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികളും മത്സ്യതൊഴിലാളികളും കടലില്‍ ഇറങ്ങി. ഒരു പെണ്‍കുട്ടിയെ ആണ് ആദ്യം കരയ്ക്ക് എത്തിച്ചത്. ഇവര്‍ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി നാല് പേരയും കണ്ടെത്തിയത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ചും രണ്ട് പേര്‍ ആശുത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. തിരയില്‍പ്പെട്ട് പരിക്കേറ്റ ഒരാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പുരുഷു പറഞ്ഞു.
ബീച്ചിലെത്തിയ സംഘം
വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനയും എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് അഞ്ച് പേരെയും കരയ്ക്ക് എത്തിച്ചിരുന്നു. സംഭവസ്ഥലം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. കല്‍പ്പറ്റ സ്വദേശികളായ അസീസ് (31), വാണി (32), ബിനീഷ് (40), ഫൈസൽ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Description: thikkodi beach drowning 4 death follow-up