”ഇവരെന്താ നാറാണത്തു ഭ്രാന്തന് പഠിക്കുന്നോ?” താഴെ നിന്ന് വെളളം ടാങ്കറിലാക്കി റോഡിന് മുകളില്‍ തുറന്നുവിടും, വെള്ളം വീണ്ടും താഴേക്ക്; വെള്ളക്കെട്ടൊഴിവാക്കാനുള്ള വാഗാഡിന്റെ ‘പണി’ കണ്ട് നാട്ടുകാര്‍ ചോദിക്കുന്നു ‘ഇവര്‍ ഈ ഹൈവേ പണിയും ഈ ബുദ്ധിവെച്ചാണോ ചെയ്തുവെച്ചതെന്ന്


കൊയിലാണ്ടി: തിക്കോടി പെരുമാള്‍പുരം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വാഗാഡ് അധികൃതരുടെ ശ്രമം കണ്ട് നാട്ടുകാര്‍ ചോദിക്കുകയാണ് ‘ദേശീയപാതയുടെ പണിയും ഈ ബുദ്ധിവെച്ച് ചെയ്തതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന്. നാട്ടുകാര്‍ ഇങ്ങനെ ചോദിക്കാന്‍ കാരണമുണ്ട്. കാര്യം വിശദമായി പറയാം.

പെരുമാള്‍പുരം ഹൈസ്‌കൂളിന് സമീപം ദേശീയപാതയില്‍ വന്‍തോതില്‍ വെള്ളക്കെട്ടാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ പലതവണ പ്രതിഷേധം ഉയര്‍ന്നതുമാണ്. വെള്ളക്കെട്ടുകാരണം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റില്ലയെന്ന സ്ഥിതിയായപ്പോള്‍ വാഗാഡ് അധികൃതര്‍ കണ്ട വഴിയാണ് കെട്ടിനില്‍ക്കുന്ന വെള്ളം ടാങ്കര്‍ ലോറിയിലാക്കി മറ്റൊരിടത്തേക്ക് ഒഴിവാക്കുകയെന്നത്. വാഗാഡിന്റെ ടാങ്കര്‍ ലോറിയില്‍ വെള്ളം മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് നിറക്കുകയാണ് ചെയ്യുന്നത്. ഇതിനുപയോഗിച്ച പൈപ്പാകട്ടെ പൊട്ടി രണ്ടു ഭാഗത്തുനിന്നും ലീക്കാണ്. ടാങ്കറിനുള്ളിലേക്ക് കടക്കുന്നതിനേക്കാള്‍ വെള്ളം പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയാണ്.

ഇനി സമയം കുറച്ചധികമെടുത്ത് ടാങ്കര്‍ നിറച്ചിട്ട് ചെയ്യുന്നത് അതിലും രസമാണ്, ഏതാണ്ട് നൂറ് മീറ്റര്‍ അപ്പുറത്ത് ഹൈവേ പണി പൂര്‍ത്തിയായ ഭാഗത്തെ ഉയര്‍ന്നിരിക്കുന്ന റോഡിലേക്ക് ടാങ്കര്‍ കയറ്റി അവിടെ ഒഴുക്കിവിടും. ഫലത്തില്‍ ടാങ്കര്‍ തിരിച്ചെത്തുന്നതിനേക്കാള്‍ വേഗത്തില്‍ ഒഴുക്കിവിട്ട വെള്ളവും ആദ്യത്തെ വെള്ളക്കെട്ടിനടുത്തെത്തിയിട്ടുണ്ടാവും.