‘സാധാരണക്കാരോടൊപ്പം നിന്ന് നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച നേതാവ്’; സി.പി.ഐ നേതാവ് ഒ.പി രാഘവന്റെ ഓര്‍മകളില്‍ വേളം


വേളം: പ്രമുഖ സി.പി.ഐ നേതാവും മുൻ വേളം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ഒ.പി രാഘവന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പളളിയത്ത് നടന്ന പ്രഭാതഭേരി, പതാക ഉയർത്തൽ ചടങ്ങുകള്‍ക്ക് ശേഷം അനുസ്മരണ സമ്മേളനം സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

സി.പി.ഐ വേളം ലോക്കൽ അസിസ്റ്റന്റ്‌ സെക്രട്ടറി, നിർമ്മാണ തൊഴിലാളി ജില്ലാ കമ്മിറ്റി മെമ്പർ, ബി.കെ.എം.യു, മണ്ഡലം സെക്രട്ടറി, പള്ളിയത്ത് ബ്രാഞ്ച് സെക്രട്ടറി, ക്ഷീര സംഘം പ്രസിഡൻ്റ് എന്നീ നിലകളില്‍ ഒ.പി രാഘവൻ പ്രവർത്തിച്ചിരുന്നു. സഖാവിൻ്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെയാണെന്നും, നാലു പതിറ്റാണ്ടിലേറെക്കാലം പൊതുരംഗത്ത് സജീവമായി ഇടപ്പെട്ടിരുന്ന രാഘവൻ തികഞ്ഞ ആത്മാർത്ഥതയും അർപ്പണ മനോഭാവവും സത്യസന്ധതയും പുലർത്തിയ പൊതുപ്രവർത്തകനായിരുന്നു, സാധാരണക്കാരോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും നാടിൻ്റെ വികസന കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നില്‍ നിന്ന്‌ പ്രവർത്തിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്നും പി.സുരേഷ് ബാബു പറഞ്ഞു.

മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, ടി.സുരേഷ്, കെ.ബിജിത്ത് ലാൽ, സി.കെ.ബാബു. കെ.സത്യൻ, റിനിത.പി തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി.രാജീവൻ അധ്യക്ഷത വഹിച്ചു. എൻ.പി കുഞ്ഞിരാമൻ സ്വാഗതവും സി.കെ.രാജീവൻ നന്ദിയും പറഞ്ഞു.

Description: Second death anniversary of CPI leader OP Raghavan