എങ്ങുമെത്താതെ കടല്‍ഭിത്തി നിര്‍മ്മാണം, ആശങ്കയോടെ തീരദേശവാസികള്‍; വടകരയുടെ കടലോരത്ത് തീരസംരക്ഷണത്തിന് പദ്ധതികള്‍ വേണം


വടകര: നിര്‍ത്താതെ പെയ്യുന്ന കാലവര്‍ഷത്തില്‍ ആശങ്കയോടെ വടകരയിലെ തീരദേശവാസികള്‍. തകര്‍ന്ന് കിടക്കുന്ന കടല്‍ഭിത്തി ഇനിയെന്ന് പുനര്‍നിര്‍മ്മിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. അഴിത്തല, പുറങ്കര, കസ്റ്റംസ് ബീച്ച്, പാണ്ടികശാല വളപ്പ്‌, കുരിയാടി, കൊയിലാണ്ടി വളപ്പ് തുടങ്ങി നഗരസഭ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ കടല്‍ ഭിത്തി കാലങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. ഓരോ വര്‍ഷവും കാലവര്‍ഷം വരുമ്പോള്‍ കുടുംബത്തെ ചേര്‍ത്ത്പ്പിടിച്ച് പേടിയോടെയാണ് തീരദേശവാസികള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്.

കടല്‍ഭിത്തി തകര്‍ന്ന് കിടക്കുന്നതിനാല്‍ കനത്ത മഴ പെയ്യുന്നതോടെ വടകരയിലെ പല തീരദേശ റോഡുകളും വീടുകളും കടലെടുക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഇട്ട കല്ലുകളെല്ലാം കടലില്‍ താഴ്ന്നു പോയിട്ടുണ്ട്‌. ഏതാണ്ട് ഇരുപതിലേറെ കുടുംബങ്ങളാണ് കടല്‍ക്ഷോഭ ഭീഷണിയില്‍ ഇവിടങ്ങളില്‍ കഴിയുന്നത്.

2019ല്‍ കസ്റ്റംസ് ബീച്ച് (മുകച്ചേരി) ഭാഗത്തെ കടല്‍ ഭിത്തി പൂര്‍ണമായും തകര്‍ന്നിരുന്നു. തുടര്‍ന്ന് സി.പി സ്റ്റോണ്‍ 2063ല്‍ കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കാന്‍ 4.97 കോടി രൂപ അനുവദിച്ചിരുന്നു. 2021 മെയ് 18നാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ ജി.എസ്.ടിയുടെ പേരില്‍ ദൂരം വെട്ടിക്കുറച്ച് സി.പി സ്റ്റോണ്‍ 2058ല്‍ നിന്ന് പ്രവൃത്തി തുടങ്ങാനുള്ള നടപടികളാണ് സ്വീകരിച്ചത്.

കടല്‍ഭിത്തി പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി തവണ പ്രതിഷേധ പരിപാടിയും സമരങ്ങളും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് മുകച്ചേരി ഭാഗത്തെ കടല്‍ ഭിത്തി പുനര്‍നിര്‍മാണത്തിന് 2.54 കോടി രൂപ അനുമതി ലഭിച്ചതായി കെ.കെ രമ എം.എല്‍.എ അറിയിച്ചിരുന്നു.

മാത്രമല്ല സാന്റ് ബാങ്ക്‌സ് പുലിമുട്ട് തകര്‍ന്നിട്ടും വര്‍ഷങ്ങളായി. കോട്ടക്കല്‍, സാന്റ് ബാങ്ക്‌സ് തീര സംരക്ഷണത്തിന്റെ ഭാഗമായി പുലിമുട്ട് നിര്‍മാണത്തിനും അഴിത്തല കടല്‍ ഭിത്തി നിര്‍മാണത്തിന് 42.40 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജലവിഭവ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.

കൊയിലാണ്ടി വളപ്പിലെ കടല്‍ഭിത്തി തകര്‍ന്ന വിഷയം അധികാരികളുടെ മുമ്പില്‍ നിരവധി തവണ എത്തിച്ചിട്ടുണ്ടെന്നും പുനര്‍നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നുമാണ് കൊയിലാണ്ടി വളപ്പ് മെമ്പര്‍ നിസാബി വി.വി വടകര ഡോട് ന്യൂസിനോട് പറഞ്ഞത്.