കുട്ടികൾക്ക് സീറ്റ് ബെൽറ്റ് ഇപ്പോൾ നിർബന്ധമാക്കില്ല; ഓർമിപ്പിച്ചതാണ്, ജനങ്ങളിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കില്ല
തിരുവനന്തപുരം: കാറിൽ കുട്ടികൾക്ക് സീറ്റ് ബെൽറ്റ് വേണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ. ഗതാഗത വകുപ്പിന് കേന്ദ്രത്തിൽ നിന്നു കിട്ടിയ പുതിയ നിയമ നിർമാണത്തിലുള്ള നിർദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതാണ് കാറിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കായുള്ള പ്രത്യേക സീറ്റ്. ജനങ്ങളിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കില്ല. കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റ് നിർബന്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവ് ഇറക്കിയതിനെ തുടർന്ന് ഗതാഗത മന്ത്രി വിശദീകരണവുമായി രംഗത്തെത്തി.
മോട്ടോർ വെഹിക്കിൾ ആക്ടിൽ നിർദേശിച്ചിട്ടുള്ള കാര്യം ട്രാൻസ്പോർട്ട് കമ്മിഷണർ ഓർമിപ്പിച്ചെന്നും ഗണേഷ്‌കുമാർ പറഞ്ഞു. ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്നും നടപ്പാക്കണോ എന്നതിൽ സർക്കാർ തീരുമാനം കൈക്കൊള്ളും. കുട്ടികൾക്കുള്ള പ്രത്യേക സീറ്റ് സംവിധാനം കേരളത്തിൽ ലഭ്യമല്ലെന്നും 14 വയസ്സുവരെയുള്ള കുട്ടികളെ കാറിന്റെ പിൻസീറ്റിൽ ഇരുത്തണമെന്നും ഗതാഗത മന്ത്രി നിർദേശിച്ചു.