കൊയിലാണ്ടിയില്‍ വയോധികന് ചെള്ളുപനിയെന്ന് സംശയം; പ്രതിരോധ നടപടികള്‍ ഊര്‍ജിതം


കൊയിലാണ്ടി: നഗരസഭയിലെ 12-ാം വാര്‍ഡിലുള്ള വയോധികന് ചെള്ളുപനിയെന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പന്തലായനി സ്വദേശിയായ 79 വയസുകാരന് രോഗം സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ആശുപത്രിയില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പന്തലായിനി മേഖലയുടെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

പനിയെ തുടര്‍ന്ന് കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വയോധികന്‍ ചികിത്സ തേടിയിരുന്നു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചതെന്നാണ് വിവരം.

പ്രദേശത്ത് പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി കൗണ്‍സിലര്‍ പ്രജിഷ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പുറത്തധികം ഇറങ്ങാത്ത ആളാണ് ഇദ്ദേഹം, രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു. വീട്ടിലുള്ള മറ്റാര്‍ക്കും പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ല. ഇവര്‍ നിരീക്ഷണത്തിലാണുള്ളത്. പ്രദേശത്ത് ക്ലോറിനേഷന്‍ ഉള്‍പ്പെടെ നടത്തുന്നുണ്ട്. കൂടാതെ ചെള്ളുപനിയെകുറിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിനായി വാര്‍ഡില്‍ ഇന്ന് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Summary: Scrub Typhus in koyilandy