വടകരയില്‍ ചെള്ളുപനി സ്ഥിരീകരിച്ചു


വടകര: വടകരയില്‍ സ്‌ക്രബ് ടൈഫസ് അഥവാ ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 42കാരനിലാണ് ചെള്ളുപനി കണ്ടെത്തിയത്.

വിട്ടുമാറാത്ത പനിയും, തലകറക്കവും, തൊണ്ടവേദനയും ഒരാഴ്ചയോളം ചികിത്സ നടത്തിയിട്ടും ഭേദമാകാത്ത സാഹചര്യത്തിലാണ് രോഗി ചികിത്സതേടി വടകര സഹകരണ ആശുപത്രിയില്‍ എത്തിയത്. രോഗം സ്ഥിരീകരിച്ച ഉടന്‍ വടകര സഹകരണ ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുകയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ കെ. സി. മോഹന്‍കുമാര്‍ അറിയിച്ചു. ചികിത്സ പൂര്‍ത്തീകരിച്ച രോഗി പൂര്‍ണ്ണ ആരോഗ്യത്തോടെ രോഗി വീട്ടിലേക്ക് മടങ്ങി.

എലി ,അണ്ണാന്‍ ,മുയല്‍ തുടങ്ങി കരണ്ടുതിന്നുന്ന മൃഗങ്ങളിലെ ചെള്ളുകളില്‍ നിന്നാണ് പനി ഉണ്ടാകുന്ന ബാക്ടീരിയ രൂപപ്പെടുന്നത് വിട്ടുമാറാത്ത പനി, തൊണ്ടവേദന, തലകറക്കം, തലവേദന, പേശിവേദന, ചുമ, ചെങ്കണ്ണ് പോലെ കണ്ണ് ചുവക്കല്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഓറിയന്റിയ ടിസുടിസുഗമുഷി എന്ന ബാക്ടീരിയയാണ് സ്‌ക്രബ് ടൈഫസ് ഉണ്ടാക്കുന്നത്. ചിഗ്ഗറുകള്‍ എന്നറിയപ്പെടുന്ന ചെള്ളുകള്‍ വഴിയാണ് ഇത് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്നത്.

സാധാരണഗതിയില്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കാറില്ല എങ്കിലും ചിലപ്പോള്‍ ന്യൂമോണിയ, തലച്ചോറിനെ ബാധിക്കുന്ന മെനഞ്ചൈറ്റിസോആയി മാറിയാല്‍ ഇത് അപകടകരമാണ്. ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.
ചെള്ള് കടിച്ച് രണ്ടാഴ്ച കഴിയുമ്പോഴേക്ക് മാത്രമേ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ സാധാരണഗതിയില്‍ ഉറുമ്പോ, കൊതുകോ , കടിക്കുമ്പോള്‍ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ചുവന്ന നിറങ്ങളുമാണ് ആദ്യം ഉണ്ടാവുക.

ടൈഫോയ്ഡ്,എലിപനി, ഡെങ്കിപനി എന്നിവയുടെ ലക്ഷണങ്ങളുമായി ചെള്ളുപനിക്ക് സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, വീടുകളില്‍ എലിയുടെ സാന്നിധ്യം ഇല്ലാതാക്കുകയും ചെയ്യുക എന്നുള്ളതാണ് സ്വീകരിക്കാന്‍ കഴിയുന്ന മുന്‍കരുതലുകള്‍.

summary: